അസിഡിറ്റി അലട്ടുന്നുണ്ടോ? ഇതാ ഈ ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ…



പൊതുവില്‍ ഒട്ടുമിക്കയാളെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ആസിഡിന്റെ അമിത ഉല്‍പാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തതും മറ്റും അസിഡിറ്റി പ്രശ്‌നത്തിന് ആക്കംകൂട്ടും. അസിഡിറ്റി ആമാശയത്തിലെ അള്‍സര്‍, ഗ്യാസ്ട്രിക് വീക്കം, നെഞ്ചെരിച്ചില്‍, ഡിസ്‌പെപ്‌സിയ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. അസിഡിറ്റി പലതരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. വയറിലെ അസ്വസ്ഥത, ഓക്കാനം, വയര്‍ വീര്‍ത്തിരിക്കുന്നത്, മലബന്ധം, വിശപ്പ് കുറയുക എന്നിവ അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്.

അസിഡിറ്റി എങ്ങനെ കുറയ്ക്കാം

ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് അയമോദകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. അയമോദകത്തിലെ സജീവ ഘടകമായ ബയോകെമിക്കല്‍ തൈമോള്‍, ദഹനത്തെ സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് ഇഞ്ചി ചായ. ഇതിലെ ഫിനോളിക് സംയുക്തങ്ങള്‍ വയറുവേദന കുറയ്ക്കുക ചെയ്യുന്നു. ഇഞ്ചി ചായയായി കുടിക്കുകയോ വെള്ളത്തിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. രാത്രി ഒരു കപ്പ് വെള്ളത്തില്‍ പെരുംജീരകം കുതിര്‍ക്കാന്‍ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറുംവയറ്റില്‍ കുടിക്കുക. ചായയിലും പെരുംജീരകം ചേര്‍ക്കാം. അല്പം പഞ്ചസാര ചേര്‍ക്കുന്നത് കൂടുതല്‍ സഹായിക്കുന്നു.

അസിഡിറ്റിയെ നേരിടാന്‍ മല്ലിയിലയോ മല്ലിയോ ഉപയോഗിക്കാം. ഉണക്കിയ മല്ലിയില പൊടി പാചകത്തില്‍ ചേര്‍ക്കുകയും ചെയ്യാം. മല്ലിയില ചേര്‍ത്ത ചായ കുടിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമായ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്നതിന് മല്ലിയില ഫലപ്രദമാണ്.