ഇര്‍ഷാദ് ഒളിവില്‍ കഴിഞ്ഞത് വയനാട്ടിലെ ലോഡ്ജില്‍; മുറിയെടുത്തത് ഷെമീര്‍: ഇവിടെ നിന്നും കാറിലെത്തിയ സംഘം കൂട്ടിക്കൊണ്ടുപോയെന്ന് ലോഡ്ജ് ഉടമ


പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് കൊല്ലപ്പെട്ട ഇര്‍ഷാദ് താമസിച്ചത് വയനാട് വൈത്തിരിയില്‍ ലോഡ്ജിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 16 മുതല്‍ സംഘം തട്ടിക്കൊണ്ടുപോകുന്നതുവരെ ഇര്‍ഷാദ് ഇവിടെയാണ് താമസിച്ചത്. ജൂലൈ നാലിനാണ് സംഘം ഇര്‍ഷാദിനെ ലോഡ്ജില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വെളിപ്പെടുത്തി. ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് ഇര്‍ഷാദും ഷമീറും റൂം എടുത്തത്. പോലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി.

ജൂണ്‍ രണ്ടിന് ഇര്‍ഷാദിന്റെ സുഹൃത്ത് ഷെമീര്‍ ആണ് ലോഡ്ജില്‍ റൂം എടുത്തതെന്നാണ് ലോഡ്ജ് ഉടമ പറഞ്ഞത്. മേയ് 13-നാണ് ഇര്‍ഷാദ് ദുബായില്‍നിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടില്‍നിന്ന് ജോലിക്കെന്നു പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെനല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി.

ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ നാല് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തില്‍ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തല്‍.

സൂപ്പിക്കട സ്വദേശി ഷെമീറുള്‍പ്പടെ മൂന്നുപേര്‍ക്കാണ് സ്വര്‍ണം കൈമാറിയതെന്നായിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചികിത്സാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സുഹൃത്തുക്കളെയും മുഹമ്മദ് സാലിഹുമായി ബന്ധമുള്ളവരെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.