കര്‍ഷകര്‍ക്ക് ആശ്വാസം; നടേരി ഭാഗത്ത് ഇന്ന് വെള്ളമെത്തും, തിരുവങ്ങൂരും ചെങ്ങോട്ടുകാവും വരുംദിവസങ്ങളിലുമെത്തുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: നടേരി ഭാഗത്ത് ഇന്ന് വൈകുന്നേരം മുതല്‍ കനാല്‍ ജലമെത്തും. നിലവില്‍ ഒരേസമയം രണ്ട് ഭാഗങ്ങളിലേക്ക് മാത്രമേ ജലവിതരണം സാധ്യമാകൂവെന്നും അതിനാലാണ് നടേരി, കാവുംവട്ടം ഭാഗങ്ങളില്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അശ്വിന്‍ദാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കൊയിലാണ്ടി നഗരസഭയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലും കനാല്‍ ജലമെത്താത്തത് കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, വരുംദിവസങ്ങളില്‍ ഈ ഭാഗങ്ങളിലും ജലം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

അയനിക്കാട്, നടുവത്തൂര്‍ ഭാഗങ്ങളിലാണ് നിലവില്‍ ജലംവിതരണം ചെയ്യുന്നത്. ഇതില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുമ്പോള്‍ ജലദൗര്‍ലഭ്യം കാരണം അവിടേക്ക് വെള്ളമെത്തില്ല. അതിനാല്‍ ഒരേസമയം പരമാവധി രണ്ടിടങ്ങളില്‍ എന്ന രീതിയിലാണ് നിലവില്‍ കനാല്‍ജലം തുറന്നുവിടുന്നത്. ഇതിനു പുറമേ പ്രാദേശികമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചില മേഖലകളിലേക്ക് വെള്ളം തുറന്നുവിടാറുണ്ട്. ചെങ്ങോട്ടുകാവ് മേഖലയിലെ വാഴകര്‍ഷകര്‍ ആവശ്യപ്പെട്ടതോടെ മറ്റിടങ്ങളിലെ വിതരണം നിര്‍ത്തിവെച്ച് ആ ഭാഗങ്ങളിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കാരണമാണ് മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂള്‍ പാലിക്കാന്‍ കഴിയാതെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.[mid4

അതേസമയം, ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ വഴിയുള്ള ജലവിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന് ആ ഭാഗങ്ങളുടെ ചുമതലയുള്ള ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അശ്വതി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.