തുരുത്ത് പുഴയെടുക്കുന്ന സ്ഥിതി മാറും; ഇരിങ്ങല്‍ കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി


പയ്യോളി: ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഭാഗത്ത് മൂരാട് പുഴയില്‍ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തിയുടെ സംരക്ഷണത്തിനായി 1.40കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റില്‍ വകയിരുത്തിയ പദ്ധതിയ്ക്കാണ് ഭരണാനുമതിയായത്. കെ.ദാസന്‍ എം.എല്‍.എ ആയിരുന്ന കാലത്താണ് ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്.

അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തില്‍ എഴുപതിലധികം വീടുകള്‍ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തില്‍ വന്‍തോതില്‍ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഇതിന്റെ രണ്ടാംഘട്ട പ്രവൃത്തിക്കാണ് ഇപ്പോള്‍ ഒരു കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.

ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കാനാവും.