കോഴിക്കോട് വെള്ളിമാടുകുന്നിൽ ഓടിക്കൊണ്ടിരിക്കെ മദ്യലോറിയുടെ ടയറിന് തീ പിടിച്ചു: ഒഴിവായത് വൻദുരന്തം
കോഴിക്കോട്: ഓട്ടത്തിനിടയില്‍ ടാങ്കര്‍ ലോറിയുടെ ടയറിനു തീപിടിച്ചു. സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. കര്‍ണാടകയില്‍നിന്നും മദ്യവുമായി കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്നറിന്റെ ഇടതു ഭാഗത്തെ മധ്യത്തിലുള്ള ടയറിനാണു തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്കു വെള്ളിമാടുകുന്ന് ലോ കോളജ് ഇറക്കത്തിലാണു അപകടം.
നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. ഓട്ടത്തിനിടയില്‍ ടാങ്കറില്‍നിന്നും പുകയും തീയും ഉയരുന്നത് കണ്ട് സമീപത്തെ കടകളിലുള്ളവരും നാട്ടുകാരും ശബ്ദം ഉണ്ടാക്കി. ഇത് കേട്ടാണ് ഡ്രൈവര്‍ മണികണ്ഠന്‍ വാഹനം ഒതുക്കി നിര്‍ത്തി. ഉടനെ തന്നെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ബീച്ച് സ്റ്റേഷനിലെ വിവരത്തെ തുടര്‍ന്നു തൊട്ടടുത്ത വെള്ളിമാടുകുന്ന് അഗ്നിശമന സേന എത്തി തീ അണച്ചു.
തുടര്‍ന്നു പൊലീസ് എത്തി റോഡിലെ ഗതാഗതം നിയന്ത്രിച്ചു. ടാങ്കര്‍ ലോറിയില്‍നിന്നും കത്തിയ ടയര്‍ അഴിച്ചുമാറ്റി. തീപിടിച്ച ലോറിയില്‍ ജാക്കിയോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതിരുന്നതിനാല്‍ തൊട്ടടുത്ത വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ജാക്കി കൊണ്ടു വന്നു ടയര്‍ അഴിച്ചുമാറ്റിയത്.