ജനമനസ്സുകളിൽ എന്നെന്നും; നാടിൻറെ നായകൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ ശ്രീധരന് യാത്രാമൊഴി നൽകി ഗ്രാമം


പൂക്കാട്: നാടിന്റെയും നാട്ടുകാരുടെയും വളർച്ചയ്ക്കായി അഹോരാത്രം പ്രവർത്തിച്ച ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ ശ്രീധരന് നാട് വിട നൽകി. വികസന പ്രവർത്തനങ്ങളോടൊപ്പം കല സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് നയിച്ചിരുന്ന നാടിൻറെ നായകനാണ് മാഷ്. ചേമഞ്ചേരി യു.പി സ്‌കൂൾ പ്രധാന അധ്യാപകനായിരുന്നു ശ്രീധരൻ മാസ്റ്റർ.

പൂക്കാട് കലാലയം പ്രോഗ്രാം സെക്രട്ടറി, ജനറൽ സെക്രട്ടറി, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി, പൂക്കാട് കർഷകക്ഷേമ സഹകരണ സംഘം സ്ഥാപക ഡയറക്ടർ, ക്ഷേമങ്കരി നാളികേര ക്ലസ്റ്റർ പ്രസിഡന്റ്, പൂക്കാട് മൗനഗുരു സമാധി മഠം പ്രസിഡന്റ്, അഭയം പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ഇതിലൂടെ നടത്തിയ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഭരണ സാരഥ്യം വഹിച്ചത് ഇ ശ്രീധരൻ ആയിരുന്നു. ഈ സമയത്തു നിരവധി പദ്ധതികൾ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു, അതിൽ പ്രധാനമായിരുന്നു കുടിവെള്ള പദ്ധതി ആ കാലത്ത് നിരവധി കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇദ്ദേഹം പ്രോഗ്രാം സെക്രട്ടറിയായിരുന്ന കാലത്ത് പൂക്കാട് കലാലയം അവതരിപ്പിച്ച ബാലെകളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇ ശ്രീധരന്റെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.അജ്‌നഫ്, വിജയൻ കണ്ണഞ്ചേരി, കെ.ഭാസ്‌കരൻ, ആർ.പി.വത്സല, സത്യനാഥൻ മാടഞ്ചേരി, അശോകൻ കോട്ട്, സിന്ധു സുരേഷ്, ടി.പി.മുരളീധരൻ, സി.വി.ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ, അനിൽ കുമാർ, എം.പി.മൊയ്ദീൻ കോയ, അബ്ദുൽ ഹാരിസ്, പി.പി ശ്രീധരൻ, യൂ.കെ രാഘവൻ, എം.സി.മമ്മദ് കോയ, എൻ.കെ.കെ.മാരാർ, ടി.പി.രാഘവൻ, നദീർ കാപ്പാട്, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

.