പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത പൊടി; എംഡിഎംഎ ആണെന്ന് കരുതി വടകരയില്‍ നിന്ന്‌ എക്സൈസ് പിടിച്ചെടുത്തത് ഇന്തുപ്പ്


വടകര: എംഡിഎംഎ ആണെന്ന് കരുതി വടകര തട്ടുകടയില്‍ നിന്ന്‌ എക്സൈസ് പിടിച്ചെടുത്തത് ഇന്തുപ്പ്. വിശദ പരിശോധനയില്‍ പിഴവ് പറ്റിയതാണെന്ന് തെളിഞ്ഞതോടെ കേസ് ഉപേക്ഷിച്ചു.

എംഡിഎംഎ സൂക്ഷിച്ചിട്ടുള്ളതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ്‌ ചൊവ്വാഴ്ച ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയില്‍ എക്സൈസ് പരിശോധന നടത്തിയത്‌. തുടര്‍ന്ന്‌ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത പൊടി കടയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് നടത്തിയ രാസ പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ ഉള്ളത് ഇന്തുപ്പ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് കേസെടുക്കാതെ എക്സൈസ് പിന്‍മാറുകയായിരുന്നു.

യാഥാര്‍ഥ എംഡിഎംഎ ആയിരുന്നെങ്കില്‍ പോലും വളരെ കുറഞ്ഞ അളവിലുള്ളതായതിനാല്‍ ജാമ്യം ലഭിക്കുമായിരുന്നുവെന്നും സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കാതെ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം കേസ് ഉപേക്ഷിക്കുകയായിരുന്നെന്നും ഈ പ്രദേശത്തുള്ള ലഹരി ബന്ധമുള്ള മറ്റൊരാള്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും വടകര എക്സൈസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് വ്യക്തമാക്കി. വടകര ടൗണിനോട് അടുത്ത പ്രദേശമായതിനാല്‍ കേരള കൊയർ പരിസരങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമാണ്.