‘ഐ.ടി അല്ല എന്റെ പ്രവര്‍ത്തനമേഖലയെന്ന് തിരിച്ചറിഞ്ഞാണ് സിവില്‍ സര്‍വീസിലെത്തിയത്, പുതിയ ഉത്തരവാദിത്തങ്ങൾ പഠിച്ച് വരുന്നു’; ബംഗാള്‍ ജില്ലാകലക്ടറായി നിയമിതനായ കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഐ.എ.എസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


മേപ്പയ്യൂര്‍: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിതനായി കീഴ്പ്പയ്യൂര്‍ സ്വദേശി ബിജിന്‍ കൃഷ്ണ. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തത്. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായാണ് ബിജിന്‍ കൃഷ്ണ ജോലിയില്‍ പ്രവേശിക്കുന്നത്. കലക്ടറായി ചുമതലയേറ്റ ശേഷമുള്ള പുതിയ വിശേഷങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെച്ച് ബിജിന്‍ കൃഷ്ണ ഐ.എ.എസ്.

പ്ലസ് ടു പഠനത്തിന് ശേഷം എഞ്ചിനിയറിംഗ് മേഖലയായിരുന്നു ബിജിന്‍ കൃഷ്ണ തിരഞ്ഞെടുത്തത്. എറണാകുളത്തുള്ള ഗവ. മോഡല്‍ എഞ്ചിനിയറിംഗ് കോളേജിലായിരുന്നു ബിരുദ പഠനം. പഠനത്തിന് ശേഷം സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആയി ജോലി ചെയ്യുന്നതിനിടയിലാണ് ഇതല്ല തന്റെ പ്രോഫഷന്‍ എന്ന് ബിജിന്‍ കൃഷ്ണ മനസിലാക്കുന്നത്. പൊതുകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുന്ന ജോലിയാണ് തനിക്ക് അഭികാമ്യമെന്ന് മനസിലായതോടെയാണ് സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുത്തതെന്ന് ബിജിന്‍ കൃഷ്ണ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കേരള സിവില്‍ സര്‍വ്വീസ് അക്കാദമിയിലായിരുന്നു പഠനം. ആദ്യ പരിശ്രമത്തില്‍ തന്നെ വിജയം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2012ല്‍ വന്ന സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലത്തില്‍ 96-ാം റാങ്ക് നേടിയാണ് ബിജിന്‍ കൃഷ്ണ പ്രോഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 2012 ബാച്ച് ബംഗാള്‍ കേഡറിലായിരുന്നു നിയമനം. രണ്ടുവര്‍ഷത്തോളം നീണ്ട പരിശീലനത്തിന് ശേഷം മുര്‍ഷിദാബാദ് സബ് കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം.

തുടര്‍ന്ന് അനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയായും ഹൗറ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിന്‍ കൃഷ്ണ ദക്ഷിണ്‍ ദിനാജ്പുര്‍ കലക്ടറായി ചുമതലയേറ്റത്.

ജില്ലാ കലക്ടറെന്നു പറയുന്നത് വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ്. ഒരോ പ്രദേശത്തിന്റെയും സാഹചര്യമനുസരിച്ച് അതിന്റെതായ റിസ്‌കും ഈ ജോലിക്കുണ്ട്. മൂന്ന് വശത്തും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയുടെ കലക്ടറാണ് ഞാനിപ്പോള്‍, അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. പുതിയ ഉത്തരവാദിത്വമേറ്റെടുത്ത് കാര്യങ്ങള്‍ പഠിച്ചു വരുന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിവില്‍ സര്‍വ്വീസെന്നത് എത്തിപ്പെടാന്‍ കഴിയാത്ത ഒരിടമല്ലെന്നും ചിട്ടയായ പരിശീലനം നടത്തിയാല്‍ വിജയമുറപ്പാണെന്നും ബിജിന്‍ കൃഷ്ണ പറയുന്നു. ഏറ്റവും കൂടുതല്‍ കോംബിറ്റേഷനുള്ള മേഖലയാണിത്. അതിനാല്‍ മികച്ച കോച്ചിംഗ് സെന്ററുകളില്‍ പോയത് കൊണ്ടുമാത്രം പരീക്ഷ വിജയിക്കാനാകില്ല. അവര്‍ നമുക്ക് പരീക്ഷയെ എങ്ങനെ നേരിടാം എന്നതിനെ കുറച്ചിള്ള ചിത്രം തരും. അതിലൂടെ സ്വയം പരിശീലിച്ച് സിവില്‍ സര്‍വ്വീസ് സ്വായത്തമാക്കാം.

കീഴ്പ്പയൂര്‍ ശ്രീലകം വീട്ടില്‍ ബാലകൃഷ്ണന്‍ തണ്ടാലത്തിന്റെയും ഗീതാ കേളോത്തിന്റെയും മകനാണ്. ഭാര്യ ശ്രീസൂര്യ തിരുവോത്ത് കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഫോര്‍ വുമണ്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററാണ്. ഗോവര്‍ദ്ധന്‍, അഗ്നിവേശ് എന്നിവര്‍ മക്കളാണ്. ട്വന്റി വണ്‍ ഗ്രാംസ് എന്ന സിനിമയുടെ സംവിധായകനായ ബിബിന്‍ കൃഷ്ണ സഹോദരനാണ്.