മാല പൊട്ടിച്ച് ഓടിയ മോഷ്ടാക്കളെ സാഹസികമായി കീഴ്‌പ്പെടുത്തി വീട്ടമ്മ; നരിക്കുനി സ്വദേശിനിയുടെ ധൈര്യത്തില്‍ പിടിയിലായത് അന്തര്‍സംസ്ഥാന മോഷണ സംഘം
കോഴിക്കോട്: വീട്ടമ്മയുടെ മനസാന്നിധ്യവും ധൈര്യവും ജയിലിലാക്കിയത് അന്തര്‍സംസ്ഥാന മോഷണ സംഘത്തെ. നരിക്കുനി സ്വദേശിനിയായ സുധയാണ് മോഷ്ടാക്കളെ കീഴടക്കി പൊലീസിനെ ഏല്‍പ്പിച്ചത്. സുധയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സുധ മോഷ്ടാക്കളെ സാഹസികമായി പിടികൂടിയത്.
വീട്ടുജോലിയെടുത്ത് ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. നഗരത്തില്‍ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. രണ്ട് സ്ത്രീകളാണ് മാല പൊട്ടിച്ച് ഓടിയത്.
മാല നഷ്ടപ്പെട്ടെങ്കിലും മനസാന്നിധ്യം നഷ്ടപ്പെടാതിരുന്ന സുധ മോഷ്ടാക്കളുടെ പിന്നാലെ പോയി രണ്ട് സ്ത്രീകളെയും പിടികൂടുകയും നാട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്തര്‍സംസ്ഥാന മോഷണ സംഘം വലയിലായത്.
തമിഴ്‌നാട് സ്വദേശിനികളായ വസന്ത, ദേവി എന്നിവരെയാണ് സുധ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച സൂചനകളില്‍ നിന്നാണ് സംഘത്തിലെ അയ്യപ്പന്‍, സന്ധ്യ എന്നിവരെ പൊലീസ് പിടികൂടിയത്. വടക്കന്‍ കേരളത്തില്‍ ഏറെക്കാലമായി മോഷണ പരമ്പരകള്‍ നടത്തുന്ന സംഘമാണ് ഇവര്‍ എന്ന് പൊലീസ് പറഞ്ഞു. പിടിയിലായവര്‍ എല്ലാവരും ഒരേ കുടുംബത്തില്‍ പെട്ടവരാണ്. അയ്യപ്പന്റെ ഭാര്യമാരാണ് ദേവിയും വസന്തയും. മകളാണ് സന്ധ്യ.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് വീട് വാടകയ്ക്ക് എടുത്ത് കുടുംബമായി താമസിക്കും. സംശയം തോന്നാത്ത് രീതിയില്‍ നല്ല വസ്ത്രം ധരിച്ച് ബസ്സുകളിലും കടകളിലും കയറി ഇറങ്ങി മോഷണം നടത്തും. പൊലീസ് ഏറെക്കാലമായി അന്വേഷിച്ചിട്ടും സംഘത്തെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ സമൂഹമാധ്യമങ്ങളും മറ്റും നിരീക്ഷിച്ച് കൂടുതല്‍ പേരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.