വിറ്റുപോയത് ആയിരം രൂപ മുതല്‍ ലക്ഷം രൂപവരെ വിലവരുന്ന ചിത്രങ്ങള്‍: നാലുമാസം നീണ്ടുനിന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റയ്ക്ക് കാപ്പാട് സമാപനം
കാപ്പാട്: 2023 ഡിസംബര്‍ 26 മുതല്‍ കോഴിക്കോട് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്നുവരുന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റ സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരുടെയും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങള്‍ കാണുവാനും സ്വന്തമാക്കാനുമുള്ള അവസരം ടൂറിസ്റ്റുകള്‍ക്കും മറ്റു കലാസ്‌നേഹികള്‍ക്കും ലഭിച്ചു.
പ്രമുഖരായ അറുപത് ചിത്രകാരന്മാര്‍ പങ്കുചേര്‍ന്ന ചിത്രപ്രദര്‍ശനത്തിന് ഓണ്‍ലൈന്‍ ,പ്രിന്റ് മീഡിയകളില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ആയിരം രൂപ മുതല്‍ ലക്ഷം രൂപ വരെ വില വരുന്ന ചിത്രങ്ങള്‍ ഗാലറിയില്‍ നിന്നും അവര്‍ സ്വന്തമാക്കിയത് പ്രദര്‍ശനത്തിന്റെ ജനപ്രിയതയുടെ അടയാളമായി. ചിത്രപ്രദര്‍ശനത്തോടൊപ്പം നിരവധി കലാപരിപാടികള്‍ മധു ബാലന്റ നിയന്ത്രണത്തില്‍ നടന്നു.
റിയലിസ്റ്റിക്, സര്‍ റിയലിസ്റ്റിക്, എക്‌സ്പ്രഷനലിസ്റ്റ് കണ്ടമ്പററി രചനാശൈലികളില്‍ അക്രിലിക് ഓയില്‍, ചാര്‍ കോള്‍, വാട്ടര്‍ കളര്‍, മിക്‌സഡ് മീഡിയ തുടങ്ങി എല്ലാ മീഡിയത്തിലുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് മാറ്റുകൂട്ടി. ചേമഞ്ചേരി പഞ്ചായത്തിന്റെയും പ്രത്യേക സഹകരണത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് കലാസ്‌നേഹികളുടെ അടുത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ക്യുറേറ്ററായ ഡോ.ലാല്‍ രഞ്ജിത്ത് പറഞ്ഞു. അവസാനിക്കുന്ന ദിവസം നടന്ന പ്രത്യേക ഓക്ഷന്‍ സെയിലില്‍ നിരവധി പെയിന്റിങ്ങുകള്‍ വിറ്റുപോയതായി കണ്‍വീനര്‍മാരായ കെ.വി.സന്തോഷ്, ടി.യു.മനോജ് എന്നിവര്‍ അറിയിച്ചു.
ടൂറിസ്റ്റ് സെന്ററുകളില്‍ നാലുമാസം നീണ്ടു നിന്ന ചിത്രപ്രദര്‍ശനം കേരളത്തില്‍ ഒരു റിക്കോര്‍ഡ് ആണ്. വരുന്ന ഡിസംബറില്‍ മണാലിയിലെ റോയ് റിച്ച് ആര്‍ട് ഗാലറിയില്‍ അടുത്ത പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് ഇന്റര്‍നാഷണല്‍ ആര്‍ട് ഫിയസ്റ്റ ടീം.