‘കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് തൊഴിലാളി വിരുദ്ധ ചങ്ങാത്ത മുതലാളിത്ത സർക്കാരുകൾ’; കൊയിലാണ്ടിയിൽ പ്രതിഷേധ ധർണ


കൊയിലാണ്ടി: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.

തൊഴിലാളി വിരുദ്ധ ചങ്ങാത്ത മുതലാളിത്ത സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കുന്ന വിധം കോർപ്പറേറ്റ് പ്രീണന നയമാണ് രണ്ട് സർക്കാരുകളും അനുവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യാതെ പാവപ്പെട്ട തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന പിണറയി സർക്കാരിന്റെ നിലപാട് തൊഴിലാളി വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഡംബര ജീവിതത്തിൽ അഭിരമിക്കുന്ന ഇടതു മുന്നണി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യുക, ക്ഷേമ നിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, കെട്ടിട ഉടമകളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ള കോടിക്കണക്കിനു രൂപ കുടിശ്ശിക സെസ്സ് പിരിച്ചെടുക്കുക, ക്ഷേമ നിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത സമരപരിപാടികളുടെ ഭാഗമായാണ് ധർണ നടത്തിയത്.

ജില്ലാ പ്രസിഡണ്ട്‌ എം.പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, കെ.ജെ പോൾ, ഐഎൻടിയുസി അഖിലേന്ത്യാ പ്രവർത്തക സമിതി അംഗം എം.കെ ബീരാൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട്‌ വി.വി സുധാകരൻ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ബാലകൃഷ്ണൻ, വി ടി സുരേന്ദ്രൻ, എം പി രാമകൃഷ്ണൻ, സതീഷ് പെരിങ്ങളം, പി എം ചന്ദ്രൻ, സി കെ ബാലൻ, സുരേഷ് കോട്ടൂളി, വി.എം ചന്തുക്കുട്ടി, സുരേഷ് ബാബു കൊയിലാണ്ടി, എം കേളപ്പൻ, സി ഗോപാലൻ, ഗോപാലൻ കാര്യാട്ട്, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട്‌ ടി.കെ നാരായണൻ സ്വാഗതവും ജനറൽ സെക്രട്ടറി കുഞ്ഞിരാരിച്ചൻ ചെങ്ങോട്ടുകാവ് നന്ദിയും പറഞ്ഞു.