താലൂക്ക് ആശുപത്രിയിലെ പരിശോധന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം; ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഒ.പിയിലെത്തുന്നില്ല, ഇഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്നും വിജിലന്‍സ്
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ വിജിലന്‍സ് പരിശോധിച്ചത് ദൈനംദിന പ്രവര്‍ത്തനങ്ങളടക്കമുള്ള കാര്യം. ഇന്ന് രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്.
വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം കൃത്യത പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് മണിക്ക് ഒ.പിയില്‍ എത്തേണ്ടവര്‍ പലപ്പോഴും ഒന്നും രണ്ടും മണിക്കൂര്‍ വൈകിയാണ് എത്തുന്നതെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ഇ-ഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുള്ളതായി വിജിലന്‍സ് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഡയാലിസിസ് യൂണിറ്റിനുവേണ്ടി സമാഹരിച്ച പബ്ലിക് ഫണ്ട് ഇതുവരെ ഉപയോഗപ്പെടുത്തി ഉപകരണങ്ങളൊന്നും ഇതുവരെ വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി. ഈ കാര്യങ്ങള്‍ക്ക് പുറമേ പതിവ് പരിശോധനകളുമാണ് നടന്നതെന്ന് വിജിലന്‍സ് വ്യക്തമാക്കി.
കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ സി.ഐ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് പെരുവടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രൂപേഷ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകാന്ത്, സനോജ്, രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
കൊയിലാണ്ടി താലൂക്കിലെ വലിയൊരു വിഭാഗം ആളുകളുടെ ആശ്രയമായ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ പലവിധ പരാതികള്‍ ഉയര്‍ന്നിരുന്നു. ഡോക്ടര്‍മാര്‍ കൃത്യസമയം പാലിക്കുന്നില്ലയെന്ന പരാതിക്ക് പുറമേ സ്‌പെഷ്യലൈസ്ഡ് ഒ.പി ടിക്കറ്റുകള്‍ പരിമിതമായി മാത്രമായി നല്‍കാറുള്ളൂ. എട്ടുമണിക്ക് ഒ.പി ആരംഭിച്ചാല്‍ എട്ടരയ്ക്കുള്ളില്‍ ഗൈനിക്, നേത്രരോഗം, ദന്തരോഗം തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് ഒ.പി ടിക്കറ്റുകള്‍ നിശ്ചിത എണ്ണം കൊടുത്തുതീരുന്ന സ്ഥിതിയാണ്.