പൂപ്പല്‍ പിടിച്ചത് ഹീലേഴ്‌സ് കമ്പനിയുടെ പാരസെറ്റമോള്‍, വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം; കീഴരിയൂര്‍ പി.എച്ച്.സിയില്‍ ഡ്രഗ് ഇന്‍സ്‌പെക്ടറുടെ പരിശോധന


കീഴരിയൂര്‍: കീഴരിയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡ്രഗ് കണ്‍ട്രോള്‍ ഓഫിസിലെ ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വി.എം.ഹഫ്‌സത്ത് പരിശോധന നടത്തി. ചികിത്സ തേടിയെത്തിയ യുവതിക്ക് പൂപ്പല്‍ പിടിച്ച ഗുളിക നല്‍കിയതായ പരാതിയെ തുടര്‍ന്നാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന അഞ്ചു മണിക്കാണ് അവസാനിച്ചത്.

ഹീലേഴ്‌സ് ഫാര്‍മസൂട്ടിക്കല്‍ കമ്പനിയുടെ പാരസെറ്റമോള്‍ രണ്ട് ബാച്ചില്‍ പൂപ്പല്‍ കണ്ടെത്തി. അവയുടെ വിതരണം നിര്‍ത്തിവെക്കാനും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് വിവരമറിയിക്കാനും ഡ്രഗ്ഗ് ഇന്‍സ്‌പെക്ടര്‍
വി.എം.ഹഫ്‌സത്ത് പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ കെ.എം.രാജലക്ഷ്മിക്ക് നിര്‍ദ്ദേശം നല്‍കി.

അഞ്ച് ബാച്ച് പാരസെറ്റമോള്‍ ഗുളികകള്‍ ഗുണനിലവാര പരിശോധനക്കായി എടുത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റോര്‍ സൂപ്രണ്ട് ജയരാജന്‍ കീഴരിയൂര്‍ പി.എച്ച്.സിയിലെത്തി മരുന്നുകള്‍ സൂക്ഷിക്കുന്ന ഫാര്‍മസിയിലെ താപനില പരിശോധിക്കുകയും ചെയ്തു.

Summary: Inspection by drug inspector at Keezhriyur PHC