പയ്യോളി പെരുമാള്‍പുരത്ത് ലോറിയ്ക്ക് സൈഡ് കൊടുക്കാനായി ഡ്രൈനേജ് സ്ലാബിലേയ്ക്ക് കയറി; സ്ലാബ് പൊട്ടി ഡ്രൈജിനുള്ളില്‍ വീണ് കാല്‍നടയാത്രക്കാരന് പരിക്ക്


പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് ഡ്രൈനേജ് സ്ലാബ് പൊട്ടി വീണ് കാല്‍നടയാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം. പെരുമാള്‍പുരത്ത് ദേശീയപാതയില്‍ പണി നടക്കുന്നിടത്ത് പുതുതായി നിര്‍മ്മിച്ച ഡ്രൈനേജിന് മുകളിലൂടെ നടന്ന കാല്‍നട യാത്രക്കാരനായ ഗോപാലകൃഷണനാണ് സ്ലാബ് പൊട്ടി വീണ് ഡ്രൈനേജിനുള്ളില്‍ അകപ്പെട്ടത്.

ഇയാളുടെ ഇടതുകാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. രാത്രി ബസ്സിറങ്ങി ഡ്രൈനേജ് സമീപത്തുകൂടെ നടക്കുമ്പോള്‍ പെട്ടെന്ന് വന്ന ലോറിയ്ക്ക് സൈഡ് കൊടുക്കുവാന്‍ വേണ്ടി ഡ്രൈനേജിന്റെ സ്ലാബിന് മുകളില്‍ കയറിയതായിരുന്നു. പെട്ടെന്ന് സ്ലാബ് പൊട്ടുകയും ഡ്രൈനേജിനുള്ളില്‍ അകപ്പെടുകയുമായിരുന്നെന്ന് ഗോപാല കൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അരമണിക്കൂറോളമാണ് ഇയാള്‍ ഡ്രൈനേജിനുള്ളില്‍ എഴുന്നേല്‍ക്കാനാവാതെ കുടുങ്ങിയത്. തുടര്‍ന്ന് പെരുമാള്‍ സ്വദേശിയായ നിസാം ചേര്‍ന്ന് ഇയാളെ പയ്യോളിയിലെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വടകര സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു.

നിലവില്‍ കാലിന് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മ്മാര്‍ പറഞ്ഞതെന്ന് ഗോപാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊല്ലം ജില്ല സ്വദേശിയായ ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചതായി നിസാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.