ഒമിക്രോണിനെക്കാൾ തീവ്ര വ്യാപനശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദം എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് 361 കോവിഡ് രോഗികൾ, കോഴിക്കോട് ജില്ലയിൽ 33 കേസുകൾ
മുംബൈ: കോവിഡിന്റെ പുതിയ വകഭേദം എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു. മുംബൈയിലെ 50 വയസുകാരിയായ രോഗിയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണിനെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണിത്.
ഫെബ്രുവരി പത്തിനാണ് കോസ്റ്റ്യൂം ഡിസൈനറായ ഇവര്‍ ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയത്. അന്നുനടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗി രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതാണെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബി.എം.സി) അറിയിച്ചു.
UPDATE: മുംബൈയിൽ സ്ഥിരീകരിച്ചത് എക്സ്.ഇ വകഭേദം അല്ല എന്ന് ജനിതക പരിശോധനയിൽ സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
230 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ഒരാളില്‍ പുതിയ വകഭേദം കണ്ടെത്തിയത്. മറ്റൊരാളില്‍ ‘കാപ്പാ’ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള 228 സാംപിളുകള്‍ ഒമിക്രോണ്‍ പോസിറ്റീവാണെന്നും ബിഎംസി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
എന്താണ് എക്സ്.ഇ വകഭേദം?
ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും പകർച്ച ശേഷി കൂടിയതാണിത്. ലോകമെങ്ങും മൂന്നാം തരംഗത്തിന് കാരണമായ ബി.എ.ടൂ ഒമിക്രോൺ വകഭേദത്തെക്കാൾ എക്സ്.ഇ വകഭേദത്തിന് 10 ശതമാനം പകർച്ചാ ശേഷി കൂടുതലുണ്ട്.
ബ്രിട്ടനിൽ 660 പേരിൽ എക്സ്.ഇ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്. ബി.എ.വൺ, ബി.എ.ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ്.ഇ എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ ഡെൽറ്റ വ്യാപിച്ചതുപോലെ എക്സ്.ഇ ഇന്ത്യയിൽ വലിയ തോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കേരളത്തിൽ ഇന്ന് 361 കോവിഡ് രോഗികൾ, കോഴിക്കോട് 33 പേർ
തിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് 33 പുതിയ രോഗികളാണ് ഉള്ളത്. എറണാകുളം 117, തിരുവനന്തപുരം 56, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ട് ശതമാനമാണ് ടി.പി.ആര്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം 13, പത്തനംതിട്ട 30, ആലപ്പുഴ 17, കോട്ടയം 18, ഇടുക്കി 25, എറണാകുളം 110, തൃശൂര്‍ 53, പാലക്കാട് 2, മലപ്പുറം 5, കോഴിക്കോട് 35, വയനാട് 5, കണ്ണൂര്‍ 10, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.