പലകകൾ നശിപ്പിച്ചു, പലകകൾ ഉറപ്പിച്ച ഇരുമ്പു ബീമുകളെടുത്ത് ദൂരെക്കളഞ്ഞു, മരപ്പാലം തകർത്തു; സ്വാതന്ത്ര്യ സ്മരണകളിൽ ജ്വലിച്ചു നിൽക്കുന്നു ക്വിറ്റ് ഇന്ത്യ സമര കാലത്ത് കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസായ ഉള്ള്യേരിപ്പാലം ആക്രമണം


സ്വാതന്ത്ര്യ സ്മരണകളിൽ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കഥയാണ് ഉള്ള്യേരിയുടേതും. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്ന് ഉള്ള്യേരി അങ്ങാടിയിലാണ് നടന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശോജ്വലമായ ഓര്‍മയായ ഉള്ള്യേരി പാലം ആക്രമണം.

ഉള്ള്യേരി അങ്ങാടിയിലുടെ ഒഴുകുന്ന തോടിനു കുറുകെ അക്കാലത്ത് മരപ്പാലമാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടു നിന്ന് അകലാപ്പുഴ വഴി കൊണ്ടു വരുന്ന ചരക്കുകള്‍ കണയങ്കോട് കടവില്‍ എത്തിച്ച ശേഷം കാളവണ്ടിയില്‍ കയറ്റിയാണ് ഉള്ള്യേരിയിലൂടെ കിഴക്കന്‍ മേഖലകളിലേക്ക് കൊണ്ടു പോയിരുന്നത്. വയനാട്ടില്‍ നിന്ന് പ്രകന്തളം ചുരമിറങ്ങി വരുന്ന കപ്പയും മലഞ്ചരക്കും കോഴിക്കോട്ടേക്ക് കൊണ്ടു പോയിരുന്നതും ഉള്ള്യേരി വഴിയാണ്. ഉള്ള്യേരി മുക്കിലെ മരപ്പാലം കിഴക്കന്‍ മേഖലയുമായുള്ള ചരക്കു നീക്കത്തിലെ പ്രധാന കണ്ണിയായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അതിന്റെ അലയൊലികള്‍ എല്ലായിടത്തും രൂപപ്പെട്ടു. ഇതോടനുബന്ധിച്ച് വ്യാപകമായ സമരങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണ് ഉള്ള്യേരി ഭാഗത്തെ ആക്രമണങ്ങളും ആസൂത്രണം ചെയ്തത്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ഉള്ള്യേരിപ്പാലം വഴിയുള്ള ചരക്കുനീക്കം തടയുന്നത്.

1942 ഓഗസ്റ്റ് 19ന് രാത്രി പത്തോളം പേരടങ്ങുന്ന സംഘം പാലത്തിനടുത്തെത്തി. എന്‍.കെ.ദാമോദരന്‍ നായരുടെ നേതൃത്വത്തിലുള്ള സമര സേനാനികളായിരുന്നു അവര്‍. മരപ്പാലം തകര്‍ത്തു. പലകകള്‍ നശിപ്പിച്ചു. പലകകള്‍ ഉറപ്പിച്ച ഇരുമ്പു ബീമുകളെടുത്ത് ദൂരെക്കളഞ്ഞു. അര്‍ധരാത്രിയോടെ പാലം പൊളിക്കല്‍ പൂര്‍ത്തിയാക്കി.

പൊലീസുകാര്‍ പാലം തകര്‍ത്ത പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ചിലര്‍ ഒളിവില്‍പ്പോയി. പിടികൂടിയവരെ പൊലീസ് ക്രൂരമര്‍ദനത്തിന് ഇരയാക്കി. നാലു വര്‍ഷവും ഒരു മാസവും തടവുശിക്ഷയാണ് പത്തു പേര്‍ക്കു വിധിച്ചത്. അന്നു പൊളിച്ച മരപ്പാലത്തിനു പകരം പിന്നീട് കോണ്‍ക്രീറ്റ് പാലം വന്നു. അപകടാവസ്ഥയിലായ ഈ പാലം ഈ അടുത്തകാലത്തായി പൊളിച്ച് പുതുക്കിപ്പണിയുക ചെയ്തു.

summary: independence day special ullieri bridge attack independence commemoration