നീന്തല്‍ പഠിക്കാനായി കുട്ടികള്‍ പതിവായി വരാറുള്ളതാണ്, ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ അസ്വാഭാവികത തോന്നിയിരുന്നില്ല, പിന്നീടാണ് അപകടം മനസ്സിലായത്; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ കീഴരിയൂർ സ്വദേശിയായ വിദ്യാത്ഥി മുങ്ങിമരിച്ച സംഭവത്തെക്കുറിച്ച് നാട്ടുകാര്‍


കൊയിലാണ്ടി: ‘അവധി ദിവസങ്ങളില്‍ അധികവും കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ എത്താറുള്ളതാണ്. ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ ആദ്യം അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല’ കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ ഇന്നലെ രാവിലെ മുങ്ങി മരിച്ച കീഴരിയൂർ നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലിന്റെ വിയോഗത്തിലിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ.

‘അപകടമാണെന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. എന്നാൽ കുളത്തില്‍ നല്ല ചളിയായതിനാല്‍ ആര്‍ക്കും ഇറങ്ങാന്‍ സാധിച്ചില്ല. നീന്തല്‍ പഠിക്കുന്നതിനിടെ ചളിയില്‍ താണുപോയതാവാം മുഹമ്മദ് ഷാമിലിന്റെ മരണ കാരണമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍. സി.പിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ ബിനീഷ്.കെ, അനൂപ്, വിഷ്ണു.വി, റിനീഷ്.പി.കെ, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഒരു സഹോദരിയും ഒരു സഹോദരനുമാണ് ഷാമിലിനുള്ളത്.

summary: locals suspected that the student died in the temple pool because he did not know how to swim