നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി


കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിര്‍ദേശം ബാധകമാണ്.

സെപ്തംബര്‍ 18മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്തരുതെന്നും കളക്ടര്‍ ഉത്തരവിട്ടു.

പൊതുപരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭ്യമാകുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

അങ്കണവാടികളും മദ്രസകളും പ്രവര്‍ത്തിക്കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. നേരത്തെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24 വരെ അവധി പ്രഖ്യാപിച്ചിരുന്നു.