ജാനകിക്കാട് പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ച സംഭവം; ടൂറിസ്റ്റ് കേന്ദ്ര പരിസരം സ്ഥിരം അപകടമേഖല; സുരക്ഷാ മുന്നറിയിപ്പ് ബോഡുകളോ ​ഗൈഡുമാരോ ഇല്ല


പെരുവണ്ണാംമൂഴി: കുറ്റ്യാടി പുഴയുടെ പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മരണത്തനിടയാക്കിയത് മുന്നറിയിപ്പ് ബോഡുകളും ​ഗൈഡുമാരും ഇല്ലാത്തതിനാലെന്ന് ആരോപണം. പറമ്പൽ കുരിശുപള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. ഇത് സ്ഥിരം അപകടമേഖയാണെന്ന് നാട്ടുകാർ പറയുന്നു.

അപകടങ്ങൾ തുടർക്കഥയായപ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കാനും ​ഗൈഡുമാരെ നിയമിക്കാനും നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. ഒറ്റപ്പാലം മുളഞ്ഞൂർ പുത്തൂർക്കളം പി.ഷാജിമോന്റെ മകൻ നിവേദ് (18) ആണ് ഇന്നലെ പുഴയിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കളുടെ കൂടെ ജനകിക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയപ്പോൾ പ്രവേശന സമയം കഴിഞ്ഞിരുന്നു. തുടർന്നാണ് അഞ്ചംഗ വിദ്യാർഥിസംഘം ജാനകിക്കാടിനു സമീപത്തെ പറമ്പൽ പ്രദേശത്ത് എത്തിയത്.

ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നിവേദ് കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണു നിവേദിനെ പുഴയിൽനിന്നു കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചത്.