അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി



കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക ഷിദ ജഗത് പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നതിനാല്‍ കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇന്നലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയായ ഷിദ ജഗതിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ‘മോളേ’ എന്ന് വിളിക്കുകയും തോളില്‍ വെച്ച കൈ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ മാപ്പു പറച്ചില്‍ മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും അതിനെ ഒരു വിശദീകരണമായാണ് അനുഭവപ്പെട്ടതെന്നും ഷിദ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ‘അതൊരു മാപ്പു പറച്ചിലായി തോന്നുന്നില്ല, ഒരു വിശദീകരണം മാത്രമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയൊരു മാധ്യമപ്രവര്‍ത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെട്ട സംഭവമാണ്.’ എന്നു പറഞ്ഞ ഷിദ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

തൃശൂരില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സുരേഷ് ഗോപിയില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്. ”മോളെ എന്നു വിളിച്ചുകൊണ്ട് എന്റെ തോളില്‍ തഴുകുകയും ചെയ്തത്. ആ സമയത്ത് ഞാന്‍ ഭയങ്കരമായ രീതിയില്‍ പെട്ടെന്ന് ഷോക്കായി. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നടക്കുന്നതെന്നും അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ആ സമയത്ത് തന്നെ ഞാന്‍ പിന്നോട്ടുവലിയുകയും ചെയ്തു. കയ്യെടുത്തു മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ പിന്നോട്ടു വലിഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തകയായതുകൊണ്ട് തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു.മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. പിന്നീട് ഞാന്‍ കയ്യെടുത്തു മാറ്റി. ഇത് ശരിയായ പ്രവണതയല്ല. പതിനഞ്ച് വര്‍ഷത്തിലധികമായി ഞാന്‍ മാധ്യമരംഗത്തുണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. തെറ്റാണ് എന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത്.” എന്നാണ് സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഷിദ പറഞ്ഞത്.