നൊച്ചാട് ചേനോളിയിൽ ചെങ്കൽഗുഹ കണ്ടെത്തിയ സംഭവം; ഗുഹ മഹാശിലായുഗത്തിലേത്, ഉള്ളിൽ മൂന്ന് അറകൾ, ഒന്ന് ശവക്കല്ലറ
പേരാമ്പ്ര: നൊച്ചാട് ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ സ്ഥിരീകരിച്ചു. ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട്ടുവളപ്പിലാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെങ്കൽ ഗുഹ കണ്ടെത്തിയത്. ശുചിമുറി നിർമ്മിക്കുന്നതിനായി ഒന്നര മീറ്ററോളം ആഴത്തിൽ കുഴിയെുത്തപ്പോഴാണ് ഗുഹ കണ്ടത്. ഇതിന് 2500 ഓളം വർഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
പഴശ്ശിരാജ മ്യൂസിയം ഇൻചാർജ് കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ഗുഹയ്ക്കുള്ളിൽ വിശദ പരിശോധന നടത്തുന്നുണ്ട്. ഉദ്ഖനനം നടത്തി ഈ ഗുഹയിൽ കൂടുതൽ അറകൾ കണ്ടെത്തിയിരുന്നു. എൽ ആകൃതിയിലുള്ള മൂന്ന് അറകളാണ് കണ്ടെത്തിയത്. ശനിയാഴ്ച തുറന്ന ആദ്യം കണ്ടെത്തിയ അറയിൽ ബെഞ്ചിന്റെ ആകൃതിയിൽ വടക്കുഭാഗത്തായി ചെങ്കല്ലിൽ കൊത്തിയൊരുക്കിയിട്ടുണ്ട്. മുകൾഭാഗത്ത് ഇരുമ്പ് കൊണ്ടുള്ള രണ്ട് ഹുക്ക് പതിച്ചിട്ടുണ്ട്.
അർധഗോളാകൃതിയിലുള്ള ഗുഹക്കകത്ത് കുറച്ച് മൺകലങ്ങളും കണ്ടെത്തി. ഇത് മൃതദേഹം സംസ്കരിച്ച ശവക്കല്ലറയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. കരിങ്കൽ പാളികൾകൊണ്ടുള്ള കവാടമാണ് ഈ ഗുഹയുടേത്.