കല്ലാച്ചി- വളയം റോഡില്‍ കാര്‍ യാത്രികരെ ആക്രമിച്ച സംഭവം: പത്തുപേര്‍ക്കെതിരെ കേസെടുത്തു
കല്ലാച്ചി: കല്ലാച്ചി വളയം റോഡില്‍ കാര്‍ യാത്രികരെ ആക്രമിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു. കാര്‍ യാത്രികയായ യുവതിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്. കാര്‍ യാത്രികരും ചെക്യാട് സ്വദേശികളുമായ നിതിന്‍ ലാല്‍, ഭാര്യ ആതിര, ഏഴുമാസം പ്രായമുള്ള മകള്‍ നിതാര, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് കുറുവയില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടപടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വളയം ഭാഗത്ത് നിന്നും കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ജീപ്പ് ചെക്യാട് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ ഉരസിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ജീപ്പില്‍ ഉണ്ടായിരുന്ന ആറ് പേര്‍ അടങ്ങുന്ന സംഘം കാര്‍ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നുവെന്നും, കാറിന്റെ ഗ്ലാസ് ഇരുമ്പ് വടി കൊണ്ട് അടിച്ച് തകര്‍ക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. പരിക്കേറ്റവര്‍ നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സ തേടി.
Summary: Incident of attacking car passengers on Kallachi-Valayam road