മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗസംഘം അക്രമിച്ച സംഭവം; രണ്ടുപേര്‍ കസ്റ്റഡിയില്‍


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. മേപ്പയ്യൂര്‍ മാനകടവത്ത് അജ്‌നാസ്, അത്തോളിയില്‍ അന്‍സാര്‍ എന്നിവരെയാണ് മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനെയാണ് ഇന്നലെ എട്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്‌.

മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം സുനിലിനെ ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചെയര്‍മാനായി വിജയിച്ചത് സുനിലിന്റെ മകനാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്കൂളില്‍ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗ്‌ പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിപിച്ചിരുന്നു. സംഭവത്തില്‍ അക്രമികളെ ഉടന്‍ കണ്ടെത്തണമെന്നും നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായി നടപടികള്‍ ഉണ്ടാകണമെന്നും സിപിഎം മേപ്പയ്യൂര്‍ ലോക്കല്‍ സെക്രട്ടറി പറഞ്ഞിരുന്നു.

അക്രമികള്‍ എത്തിയത് കീഴ്പ്പയ്യൂര്‍ ഭാഗത്ത് നിന്നാണ്‌. മേപ്പയ്യൂര്‍ ഭാഗത്ത് സിപിഎമ്മിന് വലിയ സംഘടനാ വളര്‍ച്ച ഉണ്ടായ പ്രദേശമാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് ഓഫീസ് അവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇന്നലെ സംഘടിതമായ അക്രമം നടന്നിരിക്കുന്നതെന്നായിരുന്നു അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്‌.