കായികമേഖലയില്‍ കുതിക്കാനൊരുങ്ങി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്; 6.43 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച സ്പോർട്സ് ഫെസിലിറ്റേഷൻ സെൻ്റർ നാടിന് സമര്‍പ്പിച്ചു


Advertisement

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിര്‍മ്മിച്ച സ്പോർട്സ് ഫെസിലിറ്റേഷൻ സെൻ്റർ കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ആറുവരിയുള്ള സിന്തറ്റിക്‌ ട്രാക്ക്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നീ സൗകര്യങ്ങളോട് കൂടിയ സെന്റര്‍ സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഒരുക്കിയത്‌. കൂടാതെ, മൂന്നു നിലകളിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നീ സൗകര്യങ്ങളും സെൻ്ററിൽ ലഭ്യമാണ്‌.

Advertisement

2019 നവംബറില്‍ തറക്കല്ലിട്ട പദ്ധതി സർക്കാർ ഏജൻസിയായ കിറ്റ്‌കോയുടെ നിയന്ത്രണത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് പണി പൂർത്തിയാക്കിയത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിൽ ഉൾപ്പെടുത്തി നേരത്തെ മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉർത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളാണ് ഒരുക്കിയത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നിലവിൽ നാലായിരത്തോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

Advertisement

ജനറൽ കൺവീനർ എം.സക്കീർ സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ്‌ ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ അധികൃതര്‍ മന്ത്രിയിൽ നിന്നും വിദ്യാലയ മികവ് പുരസ്കാരം ഏറ്റു വാങ്ങി. ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, വൈസ് പ്രസിഡന്റ് എൻ.പി ശോഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ സമർപ്പിച്ചു.

Advertisement

കായികരംഗത്തെ നിസ്വാർത്ഥ സേവനം നടത്തിയ അധ്യാപകർക്കുള്ള ആദരം മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ടി.പി.ദാസൻ സമർപ്പിച്ചു. മന്ത്രിക്കുള്ള നിവേദനം പിടിഎ പ്രസിഡന്റ് എം.എം.ബാബു സമർപ്പിച്ചു. സ്കൂൾ സ്പോർട്സ് അക്കാദമി ജഴ്സി വിതരണം മേപ്പയ്യൂർ സർവ്വീവ് സഹകരണ ബാങ്ക് പ്രസിഡൻറ് പുതിയോട്ടിൽ ബാലനിൽ നിന്നും സ്കൂൾ എസ്എംസി ചെയർമാൻ ഇ.കെ ഗോപി ഏറ്റുവാങ്ങി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു, ബ്ലോക്ക് മെമ്പർ എ.പി.രമ്യ, ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രശാന്ത്, പിടിഎ വൈസ് പ്രസിഡന്റ് എം.എം അഷ്റഫ്, കെ.നിഷിദ്, പി.പി.രാധാകൃഷ്ണൻ, കെ.രാജീവൻ, ഇ.അശോകൻ, എം.കെ.രാമചന്ദ്രൻ, മേലാട്ട് നാരായണൻ, സന്തോഷ് സാദരം, പ്രദീപ് കണ്ണമ്പത്ത്, ദിനേശ് പാഞ്ചേരി എന്നിവർ സംസാരിച്ചു.