കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17 ന്


കൊയിലാണ്ടി: മാറ്റിവെച്ച കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17 ന് നടക്കും. വൈകീട്ട് 4.30 ന് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഫോക്ക് ബാന്റ് മെലോ മാനിയാക് അവതരിപ്പിക്കുന്ന പരിപാടി അരങ്ങേറും. 15 വര്‍ഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാന്‍സ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായാണ് നഗരഹൃദയ ഭാഗമായ ബസ് സ്റ്റാന്റിനു സമീപത്തായി കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പുനരുദ്ധീകരിച്ചത്. കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ 14 ന് വൈകിട്ട് നടക്കാനിരുന്ന വഴിയോര കച്ചവട കേന്ദ്രത്തിന്റെയും (സ്ട്രീറ്റ് വെന്റിഗ് മാര്‍ക്കറ്റ്) ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം മാറ്റിവെയ്ക്കുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Summary: inauguration-of-koyIladY-municipal-street-market-and-open-stage-on-17th-february.