വയനാട് മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി
വയനാട്: മാനന്തവാടിയില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണിയാരത്ത് കാട്ടാനയെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ കേന്ദ്രത്തില്‍ എത്തിയത്.
നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനെത്തിയത. ഗോദാവരി കോളനിക്ക് സമീപവും കണിയാരം ലക്ഷം വീട് കോളനിക്ക് സമീപത്തെ വയലിലും ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ പ്രദേശവാസികളോട് ജാഗ്രത പുലര്‍ത്തണമെന്ന് വനപാലകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പായോട് കുന്നില്‍ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവടങ്ങളിലൂടെയും ആന കടന്നുപോയിട്ടുണ്ട്. നിലവില്‍ ആന പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല.