ഫറോക്ക് പാലത്തില്‍ വീണത് 2348 കുപ്പി മദ്യം; നാട്ടുകാര്‍ക്ക് ‘ലാഭം’ 7 ലക്ഷം


കോഴിക്കോട്: ഫറോക്ക് പലാത്തില്‍ കഴിഞ്ഞ ദിവസം ലോറിയില്‍ നിന്നും മദ്യക്കുപ്പികള്‍ വീണ സംഭവത്തില്‍ നഷ്ടമായത് 2348 കുപ്പി മദ്യം. പഞ്ചാബില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്റെ കൊല്ലം ഡിപ്പോയിലേക്ക് ലോറിയില്‍ കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് റോഡില്‍ വീണത്. സംഭവത്തില്‍ 7,04,400 രൂപയുടെ നഷ്ടം കണക്കാക്കി.

ട്രിപ്പിള്‍ 9 പവര്‍ സ്റ്റാര്‍ ഫൈന്‍ റമ്മിന്റെ 2348 പൈന്റ് ബോട്ടിലാണ് വീണത്. 97 കെയ്സിലായി സൂക്ഷിച്ചിരുന്ന 2328 കുപ്പിയും പ്രത്യേകം സൂക്ഷിച്ചിരുന്ന 20 കുപ്പിയുമാണിത്. ചൊവ്വ രാവിലെ 6.30നായിരുന്നു സംഭവം നടന്നത്. ഇതില്‍ 960 കുപ്പി മദ്യം റോഡില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇത് കോടതിയില്‍ ഹാജരാക്കി. 2,88,000 രൂപയുടെ മദ്യമാണിത്. ലോറിയില്‍ ആകെ 2160 കെയ്സ് മദ്യമാണുണ്ടായിരുന്നത്.

പാലത്തിന്റെ പ്രവേശനകവാടത്തില്‍ ലോറി തട്ടിയതോടെ കുപ്പികള്‍ നിലത്തുവീഴുകയായിരുന്നു. എന്നാല്‍, ഡ്രൈവര്‍ ലോറി ഓടിച്ചുപോയി. 1000 കുപ്പി റോഡില്‍ വീണ് പൊട്ടി. വിവരമറിഞ്ഞ് എത്തിയവര്‍ ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലുമായി കിട്ടാവുന്ന കുപ്പികളുമായി മുങ്ങുകയായിരുന്നു.

അതേസമയം കുപ്പികള്‍ നിലത്തുവീണത് അറിഞ്ഞിരുന്നതായും നാട്ടുകാര്‍ ഓടിക്കൂടി ഇവ എടുക്കുന്നത് കണ്ടിരുന്നെന്നും രാജസ്ഥാന്‍ സ്വദേശികളായ ഡ്രൈവറും ക്ലീനറും എക്സൈസ് അധികൃതര്‍ക്ക് മൊഴി നല്‍കി. വാഹനം നിര്‍ത്തി കുപ്പികള്‍ തിരികെ എടുക്കുന്നത് അപകടകരമാകുമെന്ന് കരുതിയാണ് ലോറി ഓടിച്ചുപോയതെന്നും മൊഴിയില്‍ പറയുന്നു.

summary: in the incident of liquor bottles falling from a lorry on the last day of Farook palm,the loss was Rs. 7lakh and 2348 bottles of liqueur were lost