പേരാമ്പ്ര വാളൂരില്‍ ശക്തമായ കാറ്റില്‍ തേക്കുമരം കടപുഴകി വീണു; വീടും വീട്ടുപകരണങ്ങളും തകര്‍ന്നു


പേരാമ്പ്ര: വാളൂരില്‍ തേക്ക് മരം കടപുഴകി വീണ് വീട് തകര്‍ന്നു. വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. ഓടു മേഞ്ഞ വീടിന്റെ പിന്‍ഭാഗത്തായാണ് മരം കടപുഴകി വീണത്.

വീടിന്റെ അടുക്കളയുടെയും സമീപത്തെ മുറിയുടെയും മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. വീട്ടിനകത്ത് അടുക്കളയിലെ പാത്രങ്ങള്‍ സമീപത്തെ മുറിയിലെ ഫര്‍ണിച്ചറുകള്‍ എന്നിവയും തകര്‍ന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം നാലരയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സമീപത്തെ വീട്ടുപറമ്പിലെ തേക്ക് മരം ബാബുവിന്റെ വീടിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. ഈ വീട്ടില്‍ വാടകക്ക് താമസിക്കുന്ന കിടപ്പു രോഗിയും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിനകത്ത് ഉള്ളപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.