പേരാമ്പ്രയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ സ്ഥലം കൈയ്യേറി ഇടിച്ചു നിരത്തി; പരിഹാരം കണ്ടെത്തി കോണ്‍ഗ്രസ് നേതൃത്വം


പേരാമ്പ്ര: രാത്രിയുടെ മറവില്‍ പേരാമ്പ്രയില്‍ സ്ഥലം കൈയ്യേറി ഇടിച്ചു നിരത്തി. പേരാമ്പ്ര ടൗണില്‍ എ.യു.പി. സ്‌കൂളിലേക്ക് പോകുന്ന റോഡിന്റെ സമീപത്ത് പുതിയെടുത്ത് പക്രന്‍ സാഹിബിന്റെ ഉടമസ്ഥതയിലുള്ള റോഡിനോട് ചേര്‍ന്ന സ്ഥലമാണ് കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ചു 20 മീറ്ററോളം നീളത്തില്‍ ഇടിച്ചു നിരത്തിയത്. സ്ഥലം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വ്വ സ്ഥിതിയിലാക്കി.

സംഭവത്തില്‍ പോലീസിലും ഗ്രാമപഞ്ചായത്തിലും പരാതി നലകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെട്ടത്. ഞായറാഴ്ച്ച രാവിലെ കരിങ്കല്ല് ഇറക്കി. നൂറ് ക്കണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്മാരുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു.

പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ നിന്ന് സബ് – ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവൃത്തി തടയാന്‍ എത്തിയെങ്കിലും പ്രവര്‍ത്തകരുടെ ചെറുത്ത് നില്‍പ്പില്‍ പോലീസിന് പിന്മാറേണ്ടി വന്നു. രാജന്‍ മരുതേരി, പി.കെ.രാഗേഷ്, യു.സി.ഹനീഫ, കെ.പി.വിശ്വന്‍, ശ്രീധരന്‍ കല്ലാട്ട്, ബൈജു ആയടത്തില്‍, സി.ടി.ബാലന്‍ നായര്‍, അഭിമന്യൂ, എ.കെ സജീന്ദ്രന്‍, കുയ്യടിവിനോദന്‍, എന്‍.പി.മുരളി, ആഷിക് പുതിയെടുത്ത്, വി.പി.സുരേഷ്, സജീവന്‍ കുഞ്ഞോത്ത്, രാജീവന്‍ എം.ടി എന്നിവര്‍ നേതൃത്വം നല്‍കി.

സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പേരാമ്പ്രയിലെ ചില പുത്തന്‍ മുതലാളിമാരും മണ്ണ് മാഫിയയുമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. ഇവര്‍ക്ക് പിന്തണയുമായി ഭരണനേതൃത്വവും സി.പി.എം ലോബികളും പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ ഭൂമി കയ്യേറുന്ന സാമൂഹ്യ ദ്രോഹികളുടെ പ്രവര്‍ത്തനത്തെ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സ് അനുഭാവിയായ പക്രന്‍ സാഹിബിന് നേരിട്ട അനുഭവം ഇനി ആര്‍ക്കും ഉണ്ടാവരുതെന്നും നേതാക്കള്‍ സൂചിപ്പിച്ചു.