കൂരാച്ചുണ്ടില്‍ മഴയെത്തുടര്‍ന്ന് ഉരുണ്ടെത്തിയ വലിയ പാറ ജനജീവിതത്തിന് ഭീഷണിയായി തുടരുന്നു; പാറ പൊട്ടിച്ചുമാറ്റാന്‍ നടപടിയെടുത്തില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ മഴയെ തുടര്‍ന്ന് ഉരുണ്ടുവന്ന വലിയ പാറ ജനജീവിതത്തിന് ഭീഷണിയായി തുടരുന്നു. ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍.ആര്‍.ഇ.പി പൂത്തോട്ട് ഭാഗത്താണ് എപ്പോള്‍ വേണമെങ്കിലും ഉരുണ്ട് താഴെ ജനവാസമേഖലയിലേക്ക് വീഴാമെന്ന നിലയില്‍ വലിയ പാറ നില്‍ക്കുന്നത്.
പാറ ജനജീവിതത്തിന് എത്രത്തോളം അപകടകരമാണ് എന്ന കാര്യം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷനായ കളക്ടറെ അറിയിച്ചിട്ടുണഅടെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതുപ്രകാരം അധികൃതരെത്തി കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ചിക്കുകയും ഗുരുതരാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
പാറ ഉരുണ്ട് വന്നതിനെ തുടര്‍ന്ന് ഇതിന് താഴെയുള്ള ചിലവീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതോടെ ഇവര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാത്രിയോ മറ്റോ ശക്തമായ മഴ പെയ്താല്‍ അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് പാറ പൊട്ടിച്ച് മാറ്റാനുള്ള നടപടിയുണ്ടാവണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
ജിയോളജി വിഭാഗമാണ് പാറപൊട്ടിക്കാനുള്ള നടപടിയെടുക്കേണ്ടത്. സംഭവത്തിന്റെ ഗൗരവം കളക്ടര്‍ ജിയോളജി വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പാറപൊട്ടിക്കാനുള്ള നടപടിയുണ്ടായിട്ടില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന പാറക്കല്ല് പൊട്ടിച്ചുമാറ്റആന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകട ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്കൊപ്പം സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം സിമിലി ബിജു പറഞ്ഞു. മഴക്കാലമാകുമ്പോള്‍ മണ്ണിടിച്ചില്‍ ഭീഷണിയും മറ്റും നിലനില്‍ക്കുന്നതിനാല്‍ വീടുമാറേണ്ട അവസ്ഥയാണ് ഇവിടെയുള്ളവര്‍ക്ക്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടിയെടുക്കണണെന്നും സിമിലി ആവശ്യപ്പെട്ടു.