അത്തോളി വേളൂരില്‍ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍; പ്രദേശത്ത് വ്യാപക പരിശോധന


അത്തോളി: വേളൂരില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഹെല്‍ത്ത് സെന്ററിന് സമീപം മണ്ണാങ്കണ്ടി രമേശിന്റെ വീടിനടുത്താണ് സംഭവം. പ്രദേശത്തെ രണ്ടുവീടുകളുടെ മുറ്റത്ത് പുലിയെ കണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.

രമേശിന്റെ ഭാര്യയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ ആദ്യമായി കണ്ടത്. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന നായകള്‍ ബഹളമുണ്ടാക്കിയെന്നും വീട്ടുകാര്‍ പറയുന്നു. പുലിയെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ വീടിനകത്ത് കടന്ന് വാതില്‍ അടക്കുകയായിരുന്നു. പിന്നീട് പുലി ഓടിപ്പോയെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തി.

അതേസമയം, വീട്ടുകാര്‍ കണ്ടത് പുലിയാണ് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഈ പ്രദേശത്ത് ഇതിന് മുമ്പൊന്നും തന്നെ പുലിയെ കണ്ടതായി റിപ്പോര്‍ട്ടില്ല. ഈ പ്രദേശത്തിന് അടുത്തായി തന്നെ വനപ്രദേശമുണ്ട്. ഏതെങ്കിലും രീതിയില്‍ അവിടെ നിന്ന് വന്നതാണോയെന്ന സംശയവുമുണ്ട്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. അതിനുശേഷമേ ഇവിടെ കണ്ടത് പുലിയാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവൂ.