കണ്ണ് തുറന്നു, കൈ കാലുകൾ ചലിപ്പിച്ചു; ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണ് തുറന്നു. കൈകാലുകള്‍ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമയെ സന്ദര്‍ശിച്ച ശേഷം മകനാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞത്. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും.
അതേസമയം, കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെന്റ് ഉടമ പി.എസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷന്‍’ സിഇഒ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്. ഡിസംബർ 29ന് വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.
Description: Improvement in the health condition of Uma Thomas MLA