പ്ലസ് വൺ പരീക്ഷക്കിടെയുണ്ടായ ആൾമാറാട്ടം; കടമേരി ആർഎസി ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പങ്കില്ലെന്ന് അധികൃതർ


Advertisement

വടകര: കടമേരി ആർഎസി ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് വൺ ഇം​ഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആൾമാറാട്ടം നടന്ന സംഭവത്തിൽ സ്‌കൂളിലെ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് സ്‌കൂൾ അധികൃതർ. വാർത്താകുറിപ്പിലാണ് അധികൃതർ അറിയിച്ചത്. പരീക്ഷാ സെന്ററായി ആർഎസി തെരഞ്ഞെടുത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയ ഓപ്പൺ സ്‌കൂൾ വിദ്യാർഥിക്ക് വേണ്ടിയാണ് ആൾമാറാട്ടം നടന്നത്. എന്നാൽ ഈ വാർത്ത ആർഎസി ഹയർസെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർഥി ആൾമാറാട്ടം നടത്തി എന്ന് തോന്നുന്ന തരത്തിൽ ചാനലുകളിലും മാധ്യമങ്ങളിലും വരുന്നത് വസ്തുതയല്ല.

Advertisement

ഓപ്പൺ സ്‌കൂൾ രജിസ്‌ട്രേഷൻ മുഖേന പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്തി എക്‌സാം സെന്ററായി ആർഎസി ഹയർ സെക്കന്ററി സ്‌കൂൾ തെരഞ്ഞെടുത്ത് പരീക്ഷ എഴുതുന്ന വിദ്യാർഥിയിൽ നിന്നാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തത്. ഇവർ പരീക്ഷക്ക് മാത്രമേ സ്‌കൂളിൽ എത്തുന്നുള്ളൂ. ഈ വിദ്യാർഥികളുടെ കയ്യിലുള്ള ഹാൾടിക്കറ്റ് പരിശോധിച്ചാണ് ഇവരെ തിരിച്ചറിയാൻ കഴിയുന്നത്. ശനിയാഴ്ചത്തെ പരീക്ഷയിൽ അത്തരത്തിൽ സംശയം തോന്നിയപ്പോൾ പരീക്ഷ എഴുതാൻ വന്ന വിദ്യാർഥിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement

Summary: Impersonation during Plus One exams; Authorities say students of Kadameri RAC Higher Secondary School were not involved