അനധികൃതമായി വയൽപ്രദേശം മണ്ണിട്ട് നികത്തുന്നു; മുത്താമ്പിയിൽ പ്രതിഷേധവുമായി നാട്ടുകാർ
കൊയിലാണ്ടി: നടേരി മുത്താമ്പിയിൽ അനധികൃതമായി സ്വകാര്യ വ്യക്തിയുടെ സ്ഥലം മണ്ണിട്ടുനികത്തുന്നതായി പരാതി. അധികൃതരുടെ അനുവാദമില്ലാതെയാണ് പ്രദേശത്ത് മണ്ണിട്ട് നികത്തുന്നതെന്നാണ് ആരോപണം. റവന്യൂ അധികൃതർ തിരഞ്ഞെടുപ്പ് നടപടികളുടെ തിരക്കിലായ സമയം മുതലെടുത്ത് നിലം നികത്തലും അനധികൃത മണ്ണെടുപ്പും കൂടിവരുന്നതായാണ് ആക്ഷേപം ഉയരുന്നത്.
ബിൽഡിംഗ് ഏടുക്കുന്നതിനായാണ് പ്രദേശം മണ്ണിട്ട് നികത്തുന്നതെന്നാണ് ആരോപണം. ഘട്ടങ്ങളായാണ് പ്രദേശത്തേക്ക് മണ്ണെത്തിക്കുന്നത്. വയൽപ്രദേശം മണ്ണിട്ട് നികത്തുന്നത് പ്രദേശത്തെ ജലസ്രോതസുകളെ ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ കനാൽവെള്ളം ഒഴുകിപ്പോകുന്ന നീർച്ചാലുകളടക്കം മണ്ണിട്ടുനികത്തുന്നതായി പരിസരവാസികൾ പറയുന്നു.
മണ്ണിട്ട് നികത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകി. സ്ഥലമുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്ന മറപടിയാണ് ലഭിച്ചതെന്നും നാട്ടുകാർ പറയുന്നു.