റെന്റിന് കാര്‍ എടുക്കാനുള്ള പ്ലാനാണോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഇല്ലേല്‍ പണി കിട്ടും


കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അപകടമരണമായിരുന്നു ആലപ്പുഴ കളര്‍കോട് കഴിഞ്ഞ ദിവസം നടന്നത്. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ അപകടത്തില്‍പ്പെട്ടെ വാഹനത്തിന്റെ ഉടമയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ആലപ്പുഴ വളഞ്ഞവളി സ്വദേശി ഷാമില്‍ ഖാന്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ നല്‍കിയത്. കാര്‍ വാടയ്ക്ക നല്‍കിയത് അനധികൃതമായാണെന്നും, ഇയാള്‍ക്ക് റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലെന്നും ആര്‍ടിഒ പറഞ്ഞിരുന്നു. എന്നാല്‍ വാഹനം വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് നല്‍കിയതല്ലെന്നും സിനിമയ്ക്ക് പോവാന്‍ സുഹൃത്തിന്റെ മകന്‍ കാര്‍ ചോദിച്ചപ്പോള്‍ നല്‍കിയതെന്നാണ് വാഹന ഉടമ പറഞ്ഞത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ റെന്റിന് കാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

സത്യത്തില്‍ റെന്റിന് എടുത്ത കാറുകള്‍ അപകടത്തില്‍പ്പെട്ടാല്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയാമോ, അതല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്വന്തം വാഹനം ഉപയോഗിക്കാന്‍ നല്‍കാമോ ? അക്കാര്യങ്ങളെക്കുറിച്ച് വിശദമായി നോക്കാം.

സ്വന്തം വാഹനം മറ്റൊരാള്‍ക്ക് കൊടുത്താലും ആ വാഹനം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉടമ തന്നെയായിരിക്കും ഉത്തരവാദി. സത്യത്തില്‍ സ്വകാര്യ ആവശ്യത്തിനായി എടുക്കുന്ന കാര്‍ പരിചയമുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന റെന്റ് എ കാര്‍ എന്ന സംവിധാനമാണ് നിലവില്‍ നിയമവിധേയമല്ലാതെയുള്ളത്. നാട്ടിലെ കല്യാണം പോലുള്ള ചടങ്ങുകള്‍ക്ക് ഇത്തരത്തില്‍ കാറുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ റെന്റ് എ കാറുകള്‍ കാരണം കാറുടമകള്‍ക്കും പണി കിട്ടും എന്നതാണ് സത്യം. അതായത് റെന്റ് എ കാറുകള്‍ കൊണ്ടുപോകുന്നവര്‍ ആ വാഹനവുമായി ബന്ധപ്പെട്ട് എന്ത് കുറ്റകൃത്യം ചെയ്താലും അറിയാതെ കാറുടമയും അതില്‍ പങ്കാളിയാവും. എന്നാല്‍ ഇപ്പോഴും പലര്‍ക്കും ഇക്കാര്യം അറിയില്ല എന്നതാണ് സത്യം.

അങ്ങനെ വരുമ്പോള്‍ കാര്‍ സ്വന്തക്കാര്‍ക്ക് നല്‍കാന്‍ പാടില്ലേ എന്നതായിരിക്കും എല്ലാവരുടെയും സംശയം. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കാറുകള്‍ സ്വന്തക്കാര്‍ക്കോ പരിചയക്കാര്‍ക്കോ നല്‍കുമ്പോള്‍ നിങ്ങളോ അടുത്ത കുടുംബാംഗങ്ങളോ ആ കാറില്‍ ഉണ്ടായിരിക്കണം എന്നതാണ് നിയമം. അതല്ലെങ്കില്‍ അപകടങ്ങളോ മറ്റോ സംഭവിക്കുമ്പോള്‍ അതില്‍ നിങ്ങളും ഉത്തരവാദിയാവും.

മാത്രമല്ല സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാനും പാടില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ റെന്റ് എ ക്യാബ് എന്ന സംവിധാനം നിലവിലുണ്ട്. അതായത് അമ്പത് വാഹനത്തിന് മുകളില്‍ സ്വന്തമായുള്ള ചുരുങ്ങിയത് അഞ്ച് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് റെന്റ് എ ക്യാബ് നടത്തുന്നത്. അത്തരത്തിലുള്ളവര്‍ക്ക് മാത്രമേ റെന്റ് എ ക്യാബ് ലൈസന്‍സ് ലഭിക്കുകയുള്ളൂ.

ഇത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കറുപ്പില്‍ മഞ്ഞ നിറമുള്ള അക്ഷരങ്ങളുള്ളതായിരിക്കും. മാത്രമല്ല ഇവയ്ക്ക് ടൂറിസ്റ്റ് പെര്‍മിറ്റും ആവശ്യമാണ്. അതായത് കൊമേഷ്യല്‍ ലൈസന്‍സില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാത്രമേ ഇങ്ങനെ വാടകയ്ക്ക് കൊടുക്കാവും എന്നാണ് സാരം. മാത്രമല്ല മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം മാത്രമേ ഒരു വാഹനം വാടകയ്ക്ക് നല്‍കാന്‍ കഴിയുകയുള്ളൂ. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ റെന്റ് എ കാര്‍ പെര്‍മിറ്റില്‍ വാഹനം ഓടിക്കാന്‍ സാധിക്കില്ല. മാത്രമല്ല ടാക്‌സികളെ പോലെ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ക്കും മോട്ടോര്‍ വാഹനം ടെസ്റ്റുകളും, സ്പീഡ് ഗവര്‍ണര്‍, പാനിക് ബട്ടണ്‍ എന്നിവയുമുണ്ട്.

വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം ഇന്‍ഷൂറന്‍സ് സംവിധാനമാണ് നിലവിലുള്ളത്. അതിനാല്‍ വാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ അതിലെ യാത്രക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. എന്നാല്‍ ഓരോ കമ്പനിയുടെയും പോളിസിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വാഹനത്തിന്റെ നോം ക്ലെയിം ബോണസ് ഈടാക്കാറുണ്ട്. വാഹനം അപകടത്തില്‍പെട്ടാലും ഉപഭോക്താക്കളില്‍ നിന്ന് വലിയ തുക റെന്റ് കമ്പനികളില്‍ ഈടാക്കാറില്ല.

Description: If the rented car gets into an accident? Pay attention to these things