700 രൂപയ്ക്ക് കി‌ടിലന്‍ യാത്ര, സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം; ഡാമുകളും വ്യൂപോയിന്റുകളും ആസ്വദിച്ച് ഇടുക്കിയിലെ ചതുരംഗപ്പാറയിലേക്ക് പോയാലോ…


ണത്തിന് കുടുംബവുമൊത്ത് ഒരു യാത്രയായാലോ? ഓണത്തിന് നിങ്ങൾക്കായി പുതിയൊരു യാത്രാ പാക്കേജിന് തുടക്കമിട്ടിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഇ‌ടുക്കിയിലെ അത്രയൊന്നും സഞ്ചാരികളെത്താത്ത, എന്നാല്‍ അതിമനോഹരമായ ലക്ഷ്യസ്ഥാനമായ ചതുരംഗപ്പാറയിലേക്കാണ് കോതമംഗലത്ത് നിന്ന് പുതിയ പാക്കേജ് ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് ബജറ്റ് യാത്ര സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയ്ക്ക് സമീപം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മനോഹരമായ സ്ഥലമാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ. ഇടവിടാതെ വീശുന്ന കാറ്റാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആ കാറ്റിന്റെ കുളിർമയിൽ ഉച്ചവെയിൽ പോലും ആലോസരമായി തോന്നില്ല.

മലമുകളിലെ കാറ്റാടിപ്പാടം സഞ്ചാരികൾക്ക് വേറിട്ട അനുഭൂതി സമ്മാനിക്കും. വ്യൂപോയിന്റിൽ നിന്നാൽ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡിനായ്ക്കന്നൂർ, തേവാരം, കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തി മേട് തുടങ്ങിയ സ്ഥലങ്ങളുടെ നയനമനോഹരമായ വിദൂരദൃശ്യവും ആസ്വദിക്കാം. ചതുരംഗപ്പാറയുടെ അടുത്ത് വരെ ബസ് എത്തുമെന്നതിനാൽ പ്രായഭേദമെന്യേ ഏവർക്കും യാത്ര തിരഞ്ഞെടുക്കാം.


കോതമംഗലത്ത് നിന്നും എ.എം റോഡ് വഴി മൂന്നാറിൽ എത്തി, അവിടെ നിന്നും ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ ഡാമും, മനോഹരമായ വ്യൂപോയിന്റുകളും കണ്ടാസ്വദിച്ച് പൂപ്പാറ വഴി ചതുരംഗപാറയിൽ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി, ലോവർ പെരിയാർ, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉൾപ്പെടുന്നതാണ് പാക്കേജ്. ഒരാൾക്ക് 700 രൂപയാണ് നിരക്ക്. ബുക്കിങ്ങിനായി വിളിക്കുക 94465 25773, 94479 84511

Summary: KSRTC’s Onam gift to travelers. Enjoy the dams and viewpoints and go to Chaturangapara in Idukki.