എടാ മോനെ.. ശീലങ്ങൾ മാറ്റിക്കൊ; സ്‌ട്രോക്ക് മുതല്‍ ക്യാന്‍സര്‍വരെ ഉണ്ടായേക്കും, മദ്യപാനികള്‍ക്ക് മുന്നറിയിപ്പുമായി ഐസിഎംആര്‍


ന്യൂഡല്‍ഹി: മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍. പഠനത്തിന്റെ അടിസ്ഥാനത്തില്‍, മദ്യത്തില്‍ അടങ്ങിയിരിക്കുന്ന എഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്ന് ഐസിഎംആര്‍ പറയുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഭക്ഷണ ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നല്‍കിയിട്ടുള്ള പതിനേഴു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, മദ്യപാന ശീലത്തെയും പരാമര്‍ശിക്കുന്നുണ്ട്.

ആല്‍ക്കഹോള്‍ കഴിക്കുന്നതിലൂടെശരീരത്തില്‍ എത്തുന്ന എഥൈല്‍ ആല്‍ക്കഹോള്‍ ഹൈപ്പര്‍ടെന്‍ഷന്‍, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികള്‍ ക്ഷയിക്കുന്നതിനും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിനും ലിവര്‍ സിറോസിസിനും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐസിഎംആര്‍ പറയുന്നു.

ബിയറില്‍ രണ്ടുമുതല്‍ അഞ്ചുശതമാനം വരെയും വൈനില്‍ എട്ടുമുതല്‍ പത്തുശതമാനം വരെയും ബ്രാന്‍ഡി, റം, വിസ്‌കി എന്നിവയില്‍ മുപ്പത് മുതല്‍ നാല്‍പത് ശതമാനം വരെയുമാണ് ഈതൈല്‍ ആല്‍ക്കഹോള്‍ ഉള്ളത്. മദ്യത്തിലൂടെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറില്‍ കൊഴുപ്പടിയുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപാനം കൂടുന്നതിനനുസരിച്ച് വിശപ്പ് കുറയുന്നവെന്നും ഇത് ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഐസിഎംആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.