‘ഞാന്‍ വാട്‌സ്ആപ്പിലുടെയാണ് അറിഞ്ഞത്, എം.എല്‍.എയെ അറിയിക്കാതെ തീരുമാനം എടുക്കുന്നത് തെറ്റാണ്’; മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ച് അറിയിക്കാത്തതില്‍ അതൃപ്തിയറിയിച്ച് എം.എല്‍.എ. കെ.കെ. രമ


വടകര: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് മൂരാട് പാലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തന്നെ അറിയിക്കാത്തതില്‍ അതൃപ്തിയറിയിച്ച് എം.എല്‍.എ. കെ.കെ. രമ. താലൂക്ക് വികസന സമിതി യോഗത്തിലാണ് എം.എല്‍.എ അതൃപ്തി വ്യക്തമാക്കിയത്.

പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം താന്‍ വാട്‌സ്ആപ്പിലൂടെയാണ് അറിഞ്ഞതെന്നും അത്തരം ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് എം.എല്‍.എ. എന്ന നിലയില്‍ താന്നെ അറിയിച്ചിട്ടില്ലെന്നും, അത് തെറ്റാണെന്നും കെ.കെ. രമ യോഗത്തില്‍ പറഞ്ഞു.

‘ഞാന്‍ ഇന്നലെ രാത്രി വാട്‌സ്ആപ്പിലൂടെയാണ് അറിഞ്ഞത്. മറ്റ് ഉദ്യോഗസ്ഥന്മാരോ നേതാക്കന്മാരോ എം.എല്‍.എ. എന്ന നിലയില്‍ എന്നെ അറിയിച്ചിട്ടില്ല. അത് കൊണ്ട് എന്താണ് തീരുമാനം? അത് തീരുമാനിച്ചോ? വെറുതേ വാട്‌സ്ആപ്പില്‍ വന്ന സന്ദേശമാണോ എന്നറിയില്ല. ഔദ്യോഗികമായി തീരുമാനിച്ചതാണെങ്കില്‍ അത് ഏത് തലത്തില്‍ എടുത്തതെന്ന് കൂടി അറിയണം. സ്ഥലം എം.എല്‍.എയും ചെയര്‍പേഴ്‌സണും ഒക്കെ അറിയേണ്ടതാണ് ഇത്തരത്തിലൊരു വിഷയം. അത് അറിഞ്ഞിട്ടില്ല. അങ്ങനെ അറിയിക്കാതെ ഇത്തരമൊരു തീരുമാനം തെറ്റാണ്.’ – എം.എല്‍.എ. പറഞ്ഞു.

എന്നാല്‍ അത്തരമൊരു തീരുമാനം ഔദ്യോഗികമായി എടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു, രാവിലെയും വൈകിട്ടും തിരക്കുണ്ടാവുന്ന സമയങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ പാലം തുറക്കണമെന്ന് ഒരു പ്രൊപ്പോസലുണ്ട്. ആ പ്രപ്പോസലില്‍ നിന്നുള്ള കാര്യങ്ങളാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.