കൊല്ലം ചിറ പരിസരത്ത് ദിവസവും എത്തുന്നത് നൂറുകണക്കിന് അയ്യപ്പഭക്തർ; നടവഴികളിൽ പോലും മല മൂത്ര വിസർജ്ജനം നടത്തിയും മാലിന്യം നിക്ഷേപിച്ചും മലിനമാക്കുന്നു, ആവശ്യമായ സൗകര്യമൊരുക്കാതെ അധികൃതർ, പൊറുതിമുട്ടി പരിസരവാസികൾ


കൊയിലാണ്ടി: ഓരോ മണ്ഡലകാലവും എത്രയും വേഗം കടന്നുപോവണേ എന്ന് പ്രാര്‍ത്ഥിക്കേണ്ട അവസ്ഥയിലാണ് കൊല്ലം ചിറയുടെ സമീപപ്രദേശങ്ങളിലുള്ളവര്‍. ശബരിമല സീസണില്‍ ഭക്തരുടെ തിരക്ക് കൂടുന്നതോടെ ചിറയുടെ പരിസരവും മലീമസമാകാന്‍ തുടങ്ങും. മലമൂത്രവിസര്‍ജ്ജനത്തിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പ് മുതല്‍ വീടുകളിലേക്കുള്ള നടവഴികള്‍ വരെയാണ് അയ്യപ്പഭക്തര്‍ ഉപയോഗിക്കുന്നത്. ഈ പ്രശ്നം കാരണം ശബരിമലക്കാലമായാല്‍ പ്രദേശവാസികളില്‍ പലരും വളഞ്ഞ വഴിയിലൂടെയും മറ്റുമാണ് യാത്ര. സ്വകാര്യ വ്യക്തികളുടെ ഭൂമികള്‍ മാത്രമല്ല പൊതു വഴികളില്‍ പോലും മലം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ദുര്‍ഗന്ധവും രോഗസാധ്യതയുമെല്ലാം ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.

തന്റേതടക്കം മറ്റ് രണ്ടു മൂന്ന് പേരുടെ വീട്ടിലേക്ക് ചെന്നെത്തുന്ന ഇടവഴിയിൽ നിറയെ മലവിസർജ്ജനം നടത്തിയതിനാൽ ആ ഭാഗത്ത് വേലി കെട്ടി പുലർച്ചെ ഭക്തരെത്തുന്ന സമയത്ത് ഉറക്കമിളച്ച് കാവലിരിക്കേണ്ട അവസ്ഥയിലാണെന്ന് സമീപവാസിയായ ദാസൻ ചിറക്കൽ കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു. അവിടെ മണ്ണിട്ടു മൂടിയാണ് നിലവിൽ അതുവഴി പോകുന്നതെന്നും മറ്റ് വീട്ടുകാർ ആ വഴിയിലൂടെ പോകുന്നതിന് പകരം ഇപ്പോൾ മറ്റൊരു വഴിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല മുൻ വശത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലും വിസർജ്ജനം നടത്തുന്നതിനാൽ കാറ്റടിക്കുമ്പോൾ അസഹനീയമായ ദുർഗന്ധമുണ്ടാകുന്നതായും ദാസൻ പറഞ്ഞു. കൊയിലാണ്ടി അനന്തപുരം ക്ഷേത്രത്തിനടുത്തെ താമസക്കാരനായ ദാസൂട്ടിയുടെയും വീട്ടുകാരുടെയും അവസ്ഥയും വ്യത്യസ്തമല്ല. ശബരിമല സീസണായാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലറോടും ദേവസ്വത്തിലും എല്ലാം പരാതി പറഞ്ഞിട്ടും നാളിതു വരെ യാതൊരു നടപടിയോ പരിഹാരമോ ഉണ്ടായിട്ടില്ലെന്നും ദാസൂട്ടി കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു.

ദേവസ്വത്തിന്റെ വക അയ്യപ്പൻമാർക്കായി പിഷാരികാവ് ക്ഷേത്ര പരിസരത്ത് പുതിയ കെട്ടിടത്തിലും ഗാന്ധി പ്രതിമക്കടുത്തുള്ള പഴയ സ്കൂളിലുമായി ശൗചാലയ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പരിമിതമായ എണ്ണം മാത്രമാണ് ഉള്ളത്.  ദിവസേനെ എത്തുന്ന ആയിരത്തിലധികം ഭക്തർക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ ഈ സൗകര്യങ്ങൾ അപര്യാപതമാണ്. ഇത്ര വലിയ തിരക്കിനെ നിയന്ത്രിക്കാൻ നിലവിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് വെച്ചിട്ടുള്ളത്. ശൗചാലയത്തിലേക്ക് പോകാൻ ഭക്തർക്ക് വഴി കാണിച്ച് കൊടുക്കാനും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാനും ഇവർക്ക് സാധിക്കുന്നില്ല.

തോന്നിയപോലെയുള്ള മലമൂത്രവിസര്‍ജ്ജനത്തിനൊപ്പം മിനറൽ വാട്ടറിന്റെ ഒഴിഞ്ഞ ബോട്ടിലുകളുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും, തുണികളും മറ്റ് ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം ചിറയുടെ ഓരങ്ങളിൽ നിക്ഷേപിക്കുന്നതും പതിവാണ്.

ഇത്തവണ രാവിലെയും വൈകുന്നേരങ്ങളിലുമൊക്കെയായി നിരവധി ഭക്തരാണ് എത്തുന്നതെന്നും ഇവർക്ക് വേണ്ടി പുതിയ കെട്ടിടത്തിലും ഗാന്ധി പ്രതിമക്കടുത്തുള്ള പഴയ സ്കൂൾ കെട്ടിടത്തിലും ശൗചാലയ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വരുന്ന ഭക്തരുടെ എണ്ണത്തിനനുസരിച്ച് ടോയ്ലെറ്റുകൾ പണിയുക അസാധ്യമാണെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.ബാലൻ നായർ വാഴയിൽ കൊട്ടിലകത്ത് കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു. സെപ്റ്റിക് ടാങ്കുകൾ നിറയാതിരിക്കാൻ രണ്ടു ദിവസം കൂടുമ്പോൾ ഡ്രെയ്ൻ ചെയ്ത് ഒഴിവാക്കാൻ എട്ടായിരത്തിലധികം രൂപയാണ് ചിലവ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കളിയാട്ട സ്ഥലത്ത് ഭക്തർ ഉപേക്ഷിച്ച് പോകുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും വൃത്തിയാക്കുന്നത് ദേവസ്വത്തിന്റെ തന്നെ സ്വീപ്പറാണെന്നും അദ്ദഹം പറഞ്ഞു.

സമ്പൂര്‍ണ വെളിയിടമുക്ത നഗരസഭയായി പ്രഖ്യാപിച്ച കൊയിലാണ്ടി നഗരസഭയുടെ മൂക്കിന്‍തുമ്പത്ത് ഇത്തരമൊരു പ്രശ്നമുണ്ടായിട്ടും അത് നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് നാട്ടുകാരെ രോഷാകുലരാക്കുന്നുണ്ട്. ശബരിമലക്കാലം കഴിയുന്നതോടെ ചിറയുടെ അവസ്ഥ എന്താകും എന്ന ആശങ്കയിലാണ് നാട്ടുകാർ. വരും ദിവസങ്ങളിൽ വീണ്ടും ഭക്തരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നതിനാൽ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാനും ഭക്തർക്ക് മാർഗനിർദ്ദേശം നൽകുവാനുമായി ദേവസ്വം കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെയും വളണ്ടിയർമാരെയും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.