സ്നേഹത്തിന്റെ തിരമാലകൾ ആഞ്ഞടിച്ചു, കടൽ കാണുക എന്ന സ്വപ്നം യാഥാർഥ്യമായി; വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി കൂടേണ്ടി വന്ന ഭിന്നശേഷിക്കാർക്ക് കൊട്ടും പാട്ടും പറച്ചിലുമായി ആഘോഷപൂര്‍വം കാപ്പാട് കടപ്പുറത്ത് ഒരു ദിനം


കാപ്പാട്: ഒരിക്കലും മറക്കാനാവാത്ത ഒരു ദിനമായിരുന്നു അവർക്ക്, കടലിന്റെ ശബ്ദം കേട്ട്, ഉയർന്നു താഴ്ന്ന തിരമാലകൾ കണ്ട് സ്വപ്നങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു ദിനം. കടലിലിറങ്ങി ആസ്വദിക്കാൻ പറ്റില്ല എന്ന വിഷമം ഉണ്ടായിരുന്നെങ്കിലും അതും സാധ്യമാക്കി കൊടുത്തു ഒപ്പമുണ്ടായിരുന്നവർ. വിശാലമായ ഹൃദയമുള്ള ഹൃദയാര്‍ദ്രം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭിന്ന ശേഷിക്കാർക്കായി കടലിൽ ഒരു ദിനം ഒരുക്കിയത്.

കടൽ കാണിച്ചതിനോടൊപ്പം അവരെ വീല്‍ചെയറില്‍ തിരമാലകളിലേക്കിറക്കി നിര്‍ത്തിയതോടെ സന്തോഷത്തിന്റെ തിരമാലകൾ അവിടെയെങ്ങും അലയടിച്ചു. തിരയങ്ങനെ കാലിലേക്ക് അടിച്ച്‌ കയറിയപ്പോള്‍ കാപ്പാട് ബീച്ചിൽ കൂടി നിന്നവരുടെ എല്ലാം മനസിനുള്ളിലേക്ക് തിരമാലകളുടെ കുളിര്‍.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കൊടുവള്ളി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹൃദയാര്‍ദ്രം ഫൗണ്ടേഷന്റെ കടലോരം സീസണ്‍ 4 പരിപാടിയുടെ ഭാഗമായി കാപ്പാട് ബീച്ചിലായിരുന്നു സംഗമം. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന മനുഷ്യര്‍ കൊട്ടും പാട്ടും പറച്ചിലുമായി ആഘോഷപൂര്‍വം കാപ്പാട് കടപ്പുറത്ത് ഒത്തുകൂടിയത് സന്തോഷമായി ഒരു അനുഭമായി മാറുകയായിരുന്നു.

രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടി വൈകുന്നേരം വരെ നീണ്ടതോടെ സന്തോഷങ്ങൾക്ക് ഇരട്ടി മാറ്റ്. പരിപാടിയിൽ ബാന്‍ഡ് മൊസീക്യു ടീം പരിപാടി അവതരിപ്പിച്ചു. ഹൃദയാര്‍ദ്രം വോളണ്ടിയേഴ്സ് അടക്കം 100ലധികം പേര്‍ പങ്കെടുത്ത പ്രോഗ്രാം കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ വെള്ളര്‍ അബ്ദു ഫ്‌ളാഗ് ഒഫ് ചെയ്തു.

ബീച്ച്‌ മാനേജര്‍ സജിത്ത്, ഇ.എസ്.എ.എഫ് ബാങ്ക് പ്രതിനിധി സബിന്‍, ഹൃദയാര്‍ദ്രം ചെയര്‍മാന്‍ ഡോ.അനസ് വി.കെ, ഫസല്‍ കൊടുവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.