തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസില്‍ നടന്ന അതിക്രമം; വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബിയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് വീട്ടുകാര്‍
തിരുവമ്പാടി: കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് വീട്ടുകാര്‍ രാത്രി വൈദ്യുതി ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പുസമരം നടത്തി. മെഴുകുതിരികള്‍ കത്തിച്ചാണ്
ഉള്ളാട്ടില്‍ അബ്ദുല്‍ റസാഖ് (62), മറിയം (55) എന്നിവര്‍ പ്രതിഷേധിച്ചത്.
പ്രതിഷേധത്തിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് റസാഖ് കുഴഞ്ഞുവീണു. ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ പേരിലാണ് വീടെന്നും കണക്ഷന്‍ വേര്‍പെടുത്തിയത് തികച്ചും അന്യായമാണെന്നാണ് റസാഖ് പറഞ്ഞു.
ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്കിന്റെ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലെത്തി ജീവനക്കാരെ കയ്യേറ്റം ചെയ്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ലൈന്‍മാന്‍ പി.പ്രശാന്ത്, സഹായി അനന്തു എം.കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുളള ജീവനക്കാരെ മര്‍ദിക്കുകയും ഓഫീസ് തകര്‍ക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതിനാണ് പ്രതിയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ സി.എം.ഡി. ഉത്തരവിട്ടത്.