എ.ഡി.എമ്മിന്റെ മരണം; പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദം; ഹര്‍ജിയില്‍ 29ന് വിധി പറയും


കണ്ണൂര്‍: എ.ഡി.എം നവീണ്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഈ മാസം 29 നാണ് കേസില്‍ കോടതി വിധി പറയുക. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹര്‍ജി വിധിപറയാന്‍ മാറ്റിയത്.

അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം. ”നവീന്‍ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു. എഡിഎം പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോള്‍ ഞെട്ടി. കളക്ടര്‍ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. അഴിമതിക്ക് എതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസ നേര്‍ന്നു. കൂടുതല്‍ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോ?” എന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചത്.

വിജിലന്‍സ് ഓഫീസര്‍ പ്രശാന്തിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്. നവീന്‍ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആയിരുന്നില്ല മാഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. നടന്നത് രഹസ്യയോഗം അല്ല. താന്‍ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതിയാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്നെകുറിച്ച് പറയുന്നത് തെറ്റെങ്കില്‍ അവിടെ വെച്ച് എതിര്‍ക്കാതെ നവീന്‍ ബാബുവിന് എന്തിനാണ് മിണ്ടാതിരുന്നത്? വിശുദ്ധനെങ്കില്‍ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാന്‍ തയ്യാറാണ്. താനൊരു സ്ത്രീയാണ്. കുടുംബ ഉത്തരവാദിത്വം ഉണ്ട്. അത് പരിഗണിക്കണം. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ദിവ്യയ്‌ക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തു. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗണ്‍സിലിന്റെ പരിപാടിയില്‍ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയില്‍ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കില്‍ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവര്‍ക്ക് പരാതി നല്‍കാമായിരുന്നു. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ദിവ്യ പരാമര്‍ശിച്ച ഗംഗാധരന്റെ പരാതിയില്‍ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരന്‍ തന്നെ വ്യക്തമാക്കി.

കേസില്‍ ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാല്‍ സമൂഹത്തിന്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് വിജിലന്‍സും പൊലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

Summary: Hours of argument in PP Divya’s anticipatory bail plea; Judgment will be given on the petition on 29th