വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും വീട് കൈയടക്കി തേനീച്ചകള്‍; വളയത്ത് പരിഭ്രാന്തിയിലായി കുടുംബം


വളയം: വളയത്ത് വീടിനുള്ളില്‍ തേനീച്ചകള്‍ താവളമുറപ്പിച്ചതോടെ കുടുംബം പുറത്ത്. വളയം ചുഴലിയിലെ അരിങ്ങാട്ടില്‍ ചാലില്‍ രാജന്റെയും ജീനയുടെയും വീട്ടിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ടോടെയാണ് തേനീച്ചകള്‍ വീടിനുള്ളില്‍ താവളമാക്കിയത്.

തേനീച്ചകള്‍ വീടിന്റെ അടുക്കളയില്‍ കൂടുകൂട്ടിയതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പാലിയേറ്റീവ് ജീവനക്കാരിയായ ജീന ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുക്കളയില്‍ നിറയെ തേനീച്ചകളെ കണ്ടത്. ഇതോടെ വീട്ടുകാര്‍ പുറത്തിറങ്ങുകയായിരുന്നു. വീട്ടുടമ രാജന് തേനീച്ചകളുടെ കുത്തേല്‍ക്കുകയുമുണ്ടായി. എന്നാല്‍, പരിക്ക് സാരമുള്ളതല്ല.