വെയിലേറ്റ് മുഖം വാടിയോ? അടുക്കളയിലെ ഈ ചേരുവകൾ മതി മുഖം തിളങ്ങാൻ
അതികഠിനമായ ചൂട് കാരണം പുറത്തേക്ക് പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പലരും. ചൂട് കൂടുന്നത് അനുസരിച്ച് ആരോഗ്യവും അതുപോലെ ചർമ്മവും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കോളേജിലും അതുപോലെ ജോലിക്കും പോകുന്നവരെയാണ് പ്രധാനമായും സൺ ടാൻ കാര്യമായി ബാധിക്കുന്നത്. അമിതമായ സൂര്യപ്രകാശമേറ്റ് ചർമ്മത്തിൻ്റെ നിറത്തിലുണ്ടാകുന്ന നിറ വ്യത്യാസമാണ് സൺ ടാൻ. ഇത് മാറ്റാൻ വീട്ടിൽ തന്നെ പരിഹാര മാർഗമുണ്ട്. വീട്ടിലെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ മാത്രം മതി ചർമ്മത്തിൻ്റെ പ്രശ്നങ്ങളെ പമ്പ കടത്താൻ.
കാപ്പിപൊടി
കാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷം പോലെ ചർമ്മത്തിന് ഉന്മേഷം നൽകാനും ഏറെ മികച്ചതാണ് കാപ്പിപൊടി. ചർമ്മത്തിലെ സൺ ടാൻ ഇല്ലാതാക്കാൻ നല്ലൊരു സ്ക്രബായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കാപ്പിപൊടി. ഇത് ചർമ്മത്തിന് തിളക്കം മാത്രമല്ല നിറ വ്യത്യാസവും ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തെ മൃദുവാക്കി നല്ല മൃതകോശങ്ങളെ പുറന്തള്ളാനും കാപ്പിപൊടി സഹായിക്കും. ചർമ്മ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർ പലപ്പോഴും കാപ്പിപൊടി ഉപയോഗിച്ചുള്ള സ്ക്രബുകൾ ചർമ്മത്തിൽ ഉപയോഗിക്കാറുണ്ട്.
തക്കാളി
വൈറ്റമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളാലും സമ്പുഷ്ടമാണ് തക്കാളി. ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തക്കാളിയിലുണ്ട്. ചർമ്മത്തിൽ സ്വാഭാവിക ബ്ലീച്ചിംഗ് ഏജൻ്റായി പ്രവർത്തിക്കാൻ തക്കാളിയ്ക്ക് സാധിക്കാറുണ്ട്. തക്കാളിയുടെ പൾപ്പിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെതിരെ പ്രവർത്തിക്കുന്നു. തക്കാളിയിലെ അസിഡിറ്റി ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. കൂടാതെ മുഖത്തെ അധിക എണ്ണയും അഴുക്കും കുറയ്ക്കുകയും ചെയ്യുന്നു.
അരിപ്പൊടി
വീട്ടിൽ പലഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിപ്പൊടി ചർമ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിൽ നല്ലൊരു സ്ക്രബായി പ്രവർത്തിക്കാൻ അരിപ്പൊടിയ്ക്ക് കഴിയാറുണ്ട്. സൺ ടാൻ ഏറ്റ് മങ്ങിയ ചർമ്മത്തെ തിരിച്ച സ്വാഭാവിക നിറത്തിൽ എത്തിക്കാൻ അരിപ്പൊടിയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ത്വക്കിനെ പുനരുജ്ജീവിപ്പിക്കാനും അതുപോലെ ഉന്മേഷം നൽകാനുമൊക്കെ നല്ലതാണ് അരിപ്പൊടിയെന്ന് തന്നെ പറയാം. അരിപ്പൊടിയിൽ അടങ്ങിയിട്ടുള്ള ഫൈറ്റിക് ആസിഡ് ചർമ്മത്തിലെ മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കും.
നാരങ്ങ നീര്
ചർമ്മത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നതാണ്. ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. പക്ഷെ നാരങ്ങ നീര് നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കാൻ കാരണമായേക്കാം. ചർമ്മത്തിൻ്റെ നിറം വർധിപ്പിക്കാനും അതുപോലെ തിളക്കം നിലനിർത്താനും ഏറെ നല്ലതാണ് നാരങ്ങ നീര്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയൽ ഘടകങ്ങൾ ചർമ്മത്തിലെ അമിത എണ്ണമയം കുറയ്ക്കും. അതുപോലെ വൈറ്റമിൻ സി മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ ഏറെനല്ലതാണ്.
റോസ് വാട്ടർ
ചർമ്മത്തിൽ നല്ലൊരു മോയ്ചറൈസറായി പ്രവർത്തിക്കാൻ റോസ് വാട്ടറിന് കഴിയാറുണ്ട്. ചർമ്മത്തിൻ്റെ സ്വാഭാവിക പി എച്ച് ബാലൻസ് നിലനിർത്താൻ റോസ് വാട്ടർ ഏറെ നല്ലതാണ്. ഇതിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ചുവപ്പ്, ഡെര്‍മറ്റൈറ്റിസ്, എക്‌സിമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം റോസ് വാട്ടറിലുണ്ട്. മുഖക്കുരു മാറ്റാനും റോസ് വാട്ടര്‍ ഏറെ നല്ലതാണ്. മാത്രമല്ല ചർമ്മത്തിലെ അടഞ്ഞു പോയ സുഷിരങ്ങളില്‍ നിന്ന് അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു മികച്ച ക്ലെന്‍സറായും ടോണറായും ഇത് പ്രവര്‍ത്തിക്കുന്നു.