തിക്കോടിയില്‍ വാഹനങ്ങള്‍ക്ക് അപകടക്കെണിയായി റോഡിലെ കുഴി; ലോറി അപകടത്തില്‍പ്പെട്ട് ഗതാഗതം തടസപ്പെട്ടു


തിക്കോടി: തിക്കോടിയില്‍ റോഡിലെ വലിയ കുഴി വാഹനങ്ങള്‍ക്ക് അപകടക്കെണിയാവുന്നു. തിക്കോടി പഞ്ചായത്ത് ബസാറിനും മാപ്പിള സ്‌കൂളിനും ഇടയിലുള്ള ഭാഗത്തായി പയ്യോളിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്കുള്ള റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്.

രാവിലെ കുഴിയില്‍പെടാതിരിക്കാന്‍ അരികിലോട്ടെടുത്ത ലോറി ചെളിയില്‍ പുതഞ്ഞത് ഗതാഗത തടസ്സത്തിന് വഴിവെച്ചു. എട്ടരയോടെയായിരുന്നു സംഭവം. ഏറെനേരത്തെ ഗതാഗതക്കുരുക്കിനൊടുവില്‍ ലോറി റോഡില്‍ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഇരുചക്രവാഹനങ്ങള്‍ക്കടക്കം ഭീഷണിയാണ് റോഡിലെ ഈ വലിയ കുഴി. പലഭാഗത്തും സര്‍വ്വീസ് റോഡുകള്‍ക്ക് ആവശ്യത്തിന് വീതിയില്ലാത്തതുകാരണം ഒരേസമയം വലിയ വാഹനങ്ങള്‍ക്ക് ഒന്നിന് മാത്രമേ കടന്നുപോകാനാവൂവെന്നതാണ് സ്ഥിതി. റോഡില്‍ കുഴി കൂടിയായപ്പോള്‍ ഗതാഗതം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.