സംസ്ഥാനത്ത് 24 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയുള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 20 മുതല്‍ 24 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുമുണ്ട്.

അതേസമയം 22 വരെ എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.