സംസ്ഥാനത്ത് ചൂട് കൂടും; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്


തിരുവന്തപുരം: സംസ്ഥാനത്ത് ചൂട് കൂടും. 12 ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.