ജനങ്ങളെ ഭീതിയിലാഴ്ത്തിയ നിമിഷങ്ങള്‍: കൊയിലാണ്ടി മേഖലയില്‍ വീശിയടിച്ചത് ശക്തമായ കാറ്റ്- വീഡിയോ കാണാം
കൊയിലാണ്ടി: ഇന്ന് രാവിലെ പത്തരയോടെ കൊയിലാണ്ടിയില്‍ വീശിയടിച്ചത് ശക്തമായ കാറ്റ്. ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള കാറ്റാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊയിലാണ്ടി മേഖലയിലുണ്ടായത്. കാറ്റില്‍ മൂടാടി, കൊയിലാണ്ടി, കാപ്പാട്, പൊയില്‍ക്കാവ് മേഖലകളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായി.
മരംവീണും പോസ്റ്റുകള്‍ തകര്‍ന്നും നഗരത്തിലെ വൈദ്യുതി വിതരണം താറുമാറായി. കടകളുടെയും മറ്റും ഷീറ്റുകളും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. കാപ്പാട് ബീച്ചില്‍ നിരവധി മരങ്ങളും ഏഴോളം പോസ്റ്റുകളും തകര്‍ന്നുവീണു. ബ്ലൂ ഫ്‌ളാഗ് ബീച്ചിലാണ് സംഭവം. മൂടാടി ടൗണില്‍ ദേശീയപാതയില്‍ മരം മുറിഞ്ഞുവീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
കൊയിലാണ്ടി ചേരിക്കുന്നുമ്മല്‍ രാജീവന്റെ വീട്ടിന്റെ മുകളില്‍ തെങ്ങുവീണു. ഓടിട്ട വീടിന്റെ മുകളിലാണ് തെങ്ങുവീണത്. മേല്‍ക്കൂര ഭാഗികമായി തകര്‍ന്ന നിലയിലാണ്. അപകട സമയത്ത് രാജീവന്റെ മകള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കൊന്നും പറ്റിയിട്ടില്ല.
പൊയില്‍ക്കാവില്‍ നിരവധി ഭാഗങ്ങളില്‍ മരംവീണും മറ്റും അപകടമുണ്ടായി. കാപ്പാട് കണ്ണങ്കണ്ടി, കുറ്റിടിക്കുന്ന്, കാഞ്ഞിലശ്ശേരി അമ്പലം, പൊയില്‍ക്കാവ് കനാല്‍, കുഞ്ഞിലാരിപ്പള്ളി, തോരായി കടവ് എന്നിവിടങ്ങളില്‍ മരം വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു.