ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയില്‍ വ്യാപക നാശനഷ്ടം; നിരവധി കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍, കാപ്പാട് ബീച്ചില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മുറിഞ്ഞുവീണു


കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രാവിലെ പത്തരയോടെയായിരുന്നു കൊയിലാണ്ടിയില്‍ ശക്തമായ കാറ്റുവീശിയത്.

മരംവീണും പോസ്റ്റുകള്‍ തകര്‍ന്നും നഗരത്തിലെ വൈദ്യുതി വിതരണം താറുമാറായി. കടകളുടെയും മറ്റും ഷീറ്റുകളും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. കാപ്പാട് ബീച്ചില്‍ നിരവധി മരങ്ങളും ഏഴോളം പോസ്റ്റുകളും തകര്‍ന്നുവീണു. ബ്ലൂ ഫ്‌ളാഗ് ബീച്ചിലാണ് സംഭവം. മൂടാടി ടൗണില്‍ ദേശീയപാതയില്‍ മരം മുറിഞ്ഞുവീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

കൊയിലാണ്ടി ചേരിക്കുന്നുമ്മല്‍ രാജീവന്റെ വീട്ടിന്റെ മുകളില്‍ തെങ്ങുവീണു. ഓടിട്ട വീടിന്റെ മുകളിലാണ് തെങ്ങുവീണത്. മേല്‍ക്കൂര ഭാഗികമായി തകര്‍ന്ന നിലയിലാണ്. അപകട സമയത്ത് രാജീവന്റെ മകള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കൊന്നും പറ്റിയിട്ടില്ല.

നഗരത്തിലെ പല കടങ്ങളുടെയും റൂഫിങ് ഷീറ്റുകള്‍ കാറ്റില്‍ പാറിപ്പോയിട്ടുണ്ട്. വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണമായി തടസപ്പെട്ട നിലയിലാണ്.