കനത്ത കാറ്റും മഴയും; കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും നിരവധി വൈദ്യുത പോസ്റ്റുകള്‍ മറിഞ്ഞ് വീണു. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു


കൊയിലാണ്ടി: വേനല്‍മഴ കനത്തതിനെ തുടര്‍ന്ന് കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും വന്‍ നാശനഷ്ടം. ശക്തമായ കാറ്റില്‍ കൊയിലാണ്ടി കെ.എസ്.ഇ.ബി, അരിക്കുളം, മൂടാടി, പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോസ്റ്റ് മറിഞ്ഞ് വീണ് വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.

പലയിടങ്ങളിലും പോസ്റ്റിലേയ്ക്കും ലൈനിലേയ്ക്കും മരങ്ങള്‍ പൊട്ടി വീണാണ് വൈദ്യുതി മുടങ്ങിയിട്ടുള്ളത്. മരുതൂര്‍ – വാഴെക്കണ്ടി ക്ഷേത്രം റോഡില്‍ പോസ്റ്റ് റോഡിലേക്ക്മുറിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെട്ടു. മേലൂര്‍ നടുവിലയില്‍ ഭൂവനേശ്വരി ക്ഷേത്രത്തിന് അടുത്തുള്ള പറമ്പില്‍ നിന്ന് മരം പൊട്ടി ലൈനില്‍മേല്‍ വീണ് വൈദ്യുതി തടസ്സപ്പെട്ടു.

ഊരള്ളൂര്‍ ലോല്‍ മീത്തല്‍ -എടവനക്കുളങ്ങര താഴെ റോഡില്‍ ലൈന്‍ പൊട്ടി റോഡിലേയ്ക്ക് വീണ നിലയിലാണുള്ളത്. പന്തലായനി ഫീഡര്‍ ഫാള്‍ട്ട് ആവുകയും മറ്റ് ഫീഡറുകളില്‍ പലഭാഗത്തായി പോസ്റ്റുകള്‍ പൊട്ടുകയും മരങ്ങള്‍ വീണ് കമ്പി പൊട്ടിയിട്ടുള്ളതിനാല്‍ ലൈനുകള്‍ ഓഫും ചെയ്തിരിക്കുകയാണ്.

പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ചിലയിടങ്ങളില്‍ നാളെയോടെയാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.